ഫാത്തിമ ഷഹാനക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മൂന്ന് ലക്ഷം
മുക്കം (കോഴിക്കോട് ): രക്താര്‍ബുദത്തോട് പൊരുതി എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടിയ ഫാത്തിമ ഷഹാനക്ക് ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഠിന വേദനകള്‍ക്കിടയിലും നിശ്ചയദാര്‍ഢ്യം മാത്രം കൈമുതലാക്കി പഠിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ ഫാത്തിമ ഷഹാനയുടെ പോരാട്ടം സുപ്രഭാതത്തിലൂടെയാണ് പുറംലോകം അറിഞ്ഞത്.
വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സ്വദേശത്തും വിദേശത്തുമുള്ള നിരവധി വിദ്യാര്‍ഥികളും അധ്യാപകരും സുമനസുകളും ഫാത്തിമ ഷഹാനക്ക് പിന്തുണയുമായി എത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്, ആരോഗ്യ മന്ത്രി കെ.കെ ശൈലജ, പി.ടി.എ റഹീം എം.എല്‍.എ എന്നിവരുടെ ഇടപെടലും ഫലം കണ്ടു. മലപ്പുറം ജില്ലയിലെ തെന്നല കളത്തിങ്ങല്‍ അബ്ദുല്‍ നാസറിന്റെയും സെലീനയുടെയും മകളായ ഫാത്തിമ ഷഹാനക്ക് 2018 ഡിസംബര്‍ അവസാനത്തിലാണ് രക്താര്‍ബുദം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചൂലൂര്‍ എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."