നടപടി വേഗത്തിലാക്കാമെന്ന് ഉദ്യോഗസ്ഥരുടെ ഉറപ്പ്
ആലപ്പുഴ: അമ്പലപ്പുഴയുടെ തീരപ്രദേശങ്ങളിലെ ശക്തമായ കടല്‍ക്ഷോഭത്തില്‍ ജനജീവിതം ദുരിതപൂര്‍ണമായതിനാല്‍ കടല്‍ഭിത്തി നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും വിവിധ ക്യാംപുകളില്‍ കഴിയുന്നവരുടെ പുനരധിവാസം ഉടന്‍ സാധ്യമാക്കണമെന്നും ആവശ്യപ്പെട്ട് ത്രിതലപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് വളപ്പില്‍ സമരം നടത്തി.
പുറക്കാട്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര എന്നീ പഞ്ചായത്തുകളിലെ തീരപ്രദേശത്താണ് ശക്തമായ കടല്‍ക്ഷോത്തിനാല്‍ തീരദേശവാസികള്‍ക്ക് കനത്ത നാശനഷ്ടം ഉണ്ടായിരിക്കുന്നത്. കടല്‍ഭിത്തിക്കിടയിലൂടെ ശക്തമായ തിരകള്‍ ആഞ്ഞടിക്കുന്നതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ വാസയോഗ്യമല്ലാതായി മാറി. തീരപ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.
മത്സ്യലഭ്യതയിലെ കുറവുമൂലം പട്ടിണിയിലായ തീരദേശവാസികള്‍ക്ക് ആവശ്യമായ സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. മുന്‍കാലങ്ങളില്‍ വീടും സ്ഥലവും നഷ്ടമായി ക്യാംപുകളില്‍ കഴിയുന്ന നൂറിലേറെ കുടുംബാംഗങ്ങള്‍ക്ക് പുനരധിവാസവും സാധ്യമായിട്ടില്ല. മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ അതിരൂക്ഷമായ കടലാക്രമണവും കാലവര്‍ഷക്കെടുതിയും തീരമേഖലയിലടക്കം ഉണ്ടാകും. ഈ വിഷയങ്ങള്‍ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കണ്ട് നടപടി സ്വീകരിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.
രാവിലെ കലക്‌ട്രേറ്റില്‍ എ.ഡി.എം, ഡെപ്യൂട്ടി കലക്ടര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാത്തതിനെ തുടര്‍ന്ന് കലക്‌ട്രേറ്റ് പടിക്കലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ജില്ലാ പഞ്ചായത്ത് അംഗം എ.ആര്‍ കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ യു.എം കബീര്‍, റോസ് ദലീമ, പുറക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ശശികാന്തന്‍, പഞ്ചായത്ത് അംഗങ്ങളായ എന്‍. ഷിനോയ്, എസ്. രാജേശ്വരി, സജി മാത്തേരി, പി. പ്രസാദ്, ആര്‍. സജിമോന്‍ സമരത്തില്‍ പ്ലേക്കാര്‍ഡുകളുമായി ഇരുന്നു.
തുടര്‍ന്ന് എ.ഡി.എം തിരുവനന്തപുരത്തുണ്ടായിരുന്ന ആലപ്പുഴ ജില്ലാ കലക്ടറുമായും, ഇറിഗേഷന്‍-ഫിഷറീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. അമ്പലപ്പുഴയുടെ തീരദേശം സംരക്ഷിക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എ.ഡി.എം, ഡെപ്യൂട്ടി കലക്ടര്‍ എന്നിവര്‍ സമരം ചെയ്ത ജനപ്രതിനിധികളെ അറിയിച്ചു.
കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാമെന്നും, ക്യാംപില്‍ കഴിയുന്ന ദുരിതബാധിതര്‍ക്ക് വീടും സ്ഥലവും ലഭ്യമാക്കുന്ന നടപടി വേഗത്തിലാക്കാമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെതുടര്‍ന്ന് സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനപ്രതിനിധകള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."