അറബ് ഉച്ചകോടികള്‍ക്ക് തുടക്കം
റിയാദ്: മേഖലയിലെ സംഘര്‍ഷം രൂക്ഷമായിരിക്കെ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് വിളിച്ചുചേര്‍ത്ത ഉച്ചകോടിക്ക് മക്കയില്‍ തുടക്കമായി. വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന മൂന്ന് ഉച്ചകോടികളില്‍ ജി.സി.സി അറബ് ഉച്ചകോടികള്‍ക്കാണ് മക്കയില്‍ തുടക്കമായത്.
വെള്ളിയാഴ്ച ചേരുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒ.ഐ.സി) ഉച്ചകോടിക്ക് മുന്നോടിയായാണ് ജി.സി.സി, അറബ്തല ഉച്ചകോടി ചേര്‍ന്നത്. മേഖലയിലെ അസ്ഥിരതയടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന ഉച്ചകോടിയില്‍ ഇറാന്‍ പ്രതിരോധം തന്നെയാണ് പ്രധാന വിഷയം.
ഉച്ചകോടിയുടെ മുന്നോടിയായി ചേര്‍ന്ന വിദേശരാജ്യ മന്ത്രിമാരുടെ സമ്മേളനത്തിലും ഇക്കാര്യം സുപ്രധാന വിഷയമായി ഉയര്‍ന്നു. ഇറാനെതിരേ ശക്തമായ നീക്കം തന്നെയാണ് ഉച്ചകോടിയുടെ ലക്ഷ്യം.
ഇറാന്‍ മേഖലയില്‍ അനാവശ്യമായ ഇടപെടലുകളാണ് നടത്തുന്നതെന്നും ഇതിനെതിരേ ഇസ്‌ലാമിക, അറബ് രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സഊദി ആവശ്യപ്പെട്ടു. ഉച്ചകോടികളുടെ മുന്നോടിയായി ചേര്‍ന്ന വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് സഊദി ഇക്കാര്യം ആവശ്യപ്പെട്ടത്. വിദേശകാര്യ മന്ത്രിതല യോഗത്തില്‍ സഊദി വിദേശകാര്യ മന്ത്രി ഇബ്രാഹിം അല്‍ അസ്സാഫ് ആണ് ഇറാനെതിരേ ഒന്നിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സഊദി എണ്ണക്കപ്പലുകള്‍ക്കും എണ്ണ സംവിധാന കേന്ദ്രങ്ങള്‍ക്കും നേരെ ഇറാന്‍ അനുകൂല ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ സഊദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സിറിയന്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം ആവശ്യമാണെന്നും സഊദി ആവശ്യപ്പെട്ടു.
ഇറാനെതിരേ യുദ്ധം ഒഴിവാക്കുകയാണ് ആവശ്യം. അതിനുള്ള വഴി തേടുകയാണ് സഊദി. ഇറാന്‍-അമേരിക്ക സംഘര്‍ഷം ശക്തമായിരിക്കെ യുദ്ധം ഒഴിവാക്കുന്നത് അത്യാവശ്യമാണെന്നും മുന്‍ സഊദി ഇന്റലിജന്‍സ് മേധാവി പ്രിന്‍സ് തുര്‍ക്കി അല്‍ ഫൈസല്‍ പറഞ്ഞു. ഇറാനിലെ ശീഈ നേതൃത്വത്തിന്റെ അറബ് രാജ്യങ്ങളിലെ ഇടപെടല്‍ മക്കയില്‍ രാത്രി നടക്കുന്ന ഉച്ചകോടിയില്‍ സുന്നി മുസ്‌ലിം രാജ്യങ്ങളിലെ നേതാക്കള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉച്ചകോടിയുടെ പൂര്‍ണ വിവരങ്ങള്‍ ശേഷം ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തും.
വിവിധ പ്രമേയങ്ങളും സംഘടനകള്‍ പാസാക്കും. 'ഭാവിയിലേക്ക് ഒരുമിച്ച് ' ശീര്‍ഷകത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ മുസ്‌ലിംകള്‍ക്കെതിരേ ആഗോള തലത്തില്‍ നടക്കുന്ന പ്രചാരണങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഫലസ്തീന്‍, സിറിയ വിഷയങ്ങളും ഇസ്‌ലാംഭീതി പ്രതിരോധിക്കാനുള്ള നടപടികളും ഉച്ചകോടിയില്‍ സുപ്രധാന വിഷയങ്ങളാണ്. ഉച്ചകോടിയില്‍ ജി.സി.സി, ഒ.ഐ.സി, അറബ് ലീഗ് എന്നിവയില്‍ അംഗങ്ങളായ 57 രാഷ്ട്രങ്ങളിലെ നേതാക്കളാണ് പങ്കെടുക്കുന്നത്. ഉപരോധത്തിനുശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുക്കത്തിന് കാരണമായേക്കാവുന്ന രീതിയില്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. അറബ്, ഇസ്‌ലാമിക രാഷ്ട്രനേതാക്കള്‍ എത്തിച്ചേര്‍ന്നതോടെ അതീവ സുരക്ഷയും കര്‍ശന ഗതാഗത നിയന്ത്രണവുമാണ് മക്കയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."