നാല് കോടി കവിഞ്ഞ് കൊവിഡ് രോഗികള്‍: രോഗ ബാധിതരില്‍ മാസങ്ങള്‍ക്കുശേഷവും രോഗലക്ഷണങ്ങള്‍: വിശകലനത്തിനായി പഠനം
ലണ്ടന്‍: കൊവിഡ് ബാധിച്ചവരില്‍ മാസങ്ങള്‍ക്കു ശേഷവും രോഗലക്ഷണങ്ങള്‍ ഉണ്ടാകുമെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല പഠനം. വൈറസില്‍ നിന്നും രോഗമുക്തി നേടിയവരില്‍ പകുതിയിലധികം പേര്‍ക്കും രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷവും ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്, ക്ഷീണം, ഉത്കണ്ഠ, വിഷാദം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല ശാസ്ത്രജ്ഞര്‍ അറിയിച്ചു.
രോഗമുക്തി നേടി ആശുപത്രി വിട്ട 58 പേരെയാണ് പഠനത്തിനു വിധേയമാക്കിയത്. കൊവിഡ് ബാധിതരില്‍ ഒന്നിലധികം അവയവങ്ങളില്‍ സാധാരണ ഇല്ലാത്ത പ്രശ്‌നങ്ങളുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. 60 ശതമാനം രോഗികളിലും ശ്വാസകോശ തകരാറ്,
29 ശതമാനത്തിന് കിഡ്‌നി തകരാറ്, 26 ശതമാനത്തിന് ഹൃദയസംബന്ധമായ അസുഖം, 10 ശതമാനത്തിന് കരള്‍ അസുഖം എന്നിവയും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
രോഗമുക്തി നേടിയവരില്‍ മൂന്നു മാസത്തിനുശേഷവും 55 ശതമാനത്തിനു ശ്വസനതടസവും കടുത്ത ക്ഷീണവും ഉള്ളതായി കണ്ടു. മെഡ്ആര്‍ക്‌സിവ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഈ പഠനം മറ്റു ശാസ്ത്രജ്ഞരുടെ വിശകലനത്തിന് വിധേയമായിട്ടില്ല.
എന്നാല്‍ ഫെബ്രുവരിയാകുന്നതോടെ ഇന്ത്യയിലെ 130 കോടി ജനങ്ങളില്‍ പകുതി പേരും കോവിഡ് 19 ബാധിതരാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗം. ഇത് കോവിഡ് വ്യാപനം മന്ദഗതിയിലാകുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ 7.55ദശലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.
ജനസംഖ്യയുടെ 14 ശതമാനം പേര്‍ രോഗബാധിതരായെന്നാണ് സെറോളജിക്കല്‍ സര്‍വേയില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ സെറോളജിക്കല്‍ സര്‍വേ കൃത്യമായിരിക്കണമെന്നില്ലെന്ന് മണീന്ദ്ര അഗര്‍വാള്‍ പറയുന്നു.
അതേ സമയം ലോകത്ത് കൊവിഡ് രോഗികള്‍ നാല് കോടി കവിഞ്ഞു. പകുതിയിലേറെ രോഗികളും ഉള്ളത് യു.എസിലും ഇന്ത്യയിലും ബ്രസീലിലുമാണ്. സ്ഥിരീകരിക്കാത്ത രോഗികള്‍ ഇതിലും ഏറെയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതുവെര ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 11 ലക്ഷത്തില്‍ അധികം പേരാണ്.
24 മണിക്കൂറിനിടെ 55,722 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ രോഗികളുടെ എണ്ണം 75,50,273 ആയി. 7,72,055 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 66,63,608 പേര്‍ രോഗമുക്തി നേടി. 579 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,14,610 ആയി ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."