കോതിയില്‍ കടല്‍ക്ഷോഭം രൂക്ഷം ഭീതിയോടെ പ്രദേശവാസികള്‍
കോഴിക്കോട്: രണ്ടുദിവസമായി തുടരുന്ന കടല്‍ക്ഷോഭത്തില്‍ കോതി പ്രദേശവാസികള്‍ ഭീതിയില്‍. കടല്‍ഭിത്തി നിര്‍മാണം ആരംഭിച്ചതോടെയാണ് കുറച്ചെങ്കിലും പ്രദേശവാസികള്‍ക്ക് ആശ്വാസമായത്. കഴിഞ്ഞ വര്‍ഷം കടല്‍ക്ഷോഭത്തില്‍ കോതി പ്രദേശത്ത് നിരവധി വീടുകള്‍ തകര്‍ന്നിരുന്നു. ഒരു കിലോമീറ്റര്‍ നീളത്തിലാണ് ഇപ്പോള്‍ ഇവിടെ സുരക്ഷാ ഭിത്തി നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. കോതി ബീച്ച് റോഡുവരെ തിരമാല എത്തിയതായും പ്രദേശവാസികള്‍ പറയുന്നു.
43 വീടുകളാണ് ഇവിടെ കടല്‍ക്ഷോഭത്തിന്റെ ഭീഷണിയില്‍ കഴിയുന്നത്. രാത്രിയിലാണ് ഭീതികൂടുതലെന്ന് പ്രദേശവാസികള്‍ പറയുന്നു. കടല്‍ക്ഷോഭം രൂക്ഷമായതോടെ മത്സ്യബന്ധത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ പൊലിസ് ശ്രമിച്ചെങ്കിലും ആളുകള്‍ സമ്മതിച്ചില്ല. മുഖതാര്‍ മേഖലയിലും ഭീഷണി തുടരുന്നുണ്ട്. പലപ്പോഴും കടല്‍ക്ഷോഭ സമയങ്ങളില്‍ പ്രദേശവാസികള്‍ ഉറങ്ങാറില്ലെന്നും വൈദ്യുതി കട്ടാവുന്നതായും കുടിവെള്ളത്തില്‍ ഉപ്പുവെള്ളം കയറുന്നതും പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. കടല്‍ക്ഷോഭം ശക്തമായതോടെ ഇവരുടെ വീടിനുള്ളില്‍ വെള്ളമെത്തുന്ന സാഹചര്യമാണുള്ളത്. മണല്‍ നിറഞ്ഞ് ഓടയുടെ ഒഴുക്ക് തടസപ്പെട്ടതും ഇവരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
മണല്‍ മാറ്റി ഒഴുക്ക് പൂര്‍വസ്ഥിതിയിലാക്കണമെന്ന് അധികൃതരെ അറിയിച്ചിരുന്നതായും പക്ഷേ ഇത് ശരിയാക്കുന്നതിനായുള്ള യന്ത്രമില്ലെന്ന മറുപടിയാണ് കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് കിട്ടിയതെന്നും പ്രദേശവാസികള്‍ പറയുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അശാസ്ത്രീയ കടല്‍ ഭിത്തി നിര്‍മാണം കടല്‍വെള്ളം റോഡിലേക്ക് കയറാന്‍ കാരണമാകുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."