ഒന്നിച്ചുനില്‍ക്കാം; സമരഭൂമിയില്‍ നെല്ല് വിളയും അകലാപ്പുഴ കോള്‍നിലത്ത് കൃഷിയിറക്കാന്‍ പദ്ധതി
പയ്യോളി: നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച അകലാപ്പുഴ കോള്‍നിലത്ത് നെല്ല് വിളയിക്കാന്‍ ഒരുക്കം തുടങ്ങി. തിക്കോടി പഞ്ചായത്തിലെ റൂബി എസ്റ്റേറ്റിലെ അകലാപ്പുഴ കോള്‍നിലത്താണ് 'ഹരിതകേരളം' പദ്ധതിയുടെ ഭാഗമായി നെല്‍കൃഷിയിറക്കാനുള്ള ഒരുക്കം നടക്കുന്നത്.
1970കളില്‍ മിച്ചഭൂമിയുമായി ബന്ധപ്പെട്ട് റൂബി എസ്റ്റേറ്റില്‍ നിരവധി സമരങ്ങള്‍ നടന്നിരുന്നു. സമരങ്ങളുമായി ബന്ധപ്പെട്ട് പൊലിസ് നടപടികളുമുണ്ടായിരുന്നു. ഒടുവില്‍ വിശാലമായ 272 ഏക്കറോളം വരുന്ന അകലാപ്പുഴ കോള്‍നിലം 544 പേര്‍ക്ക് 50 സെന്റ് വീതം പതിച്ചുനല്‍കി.
1989ല്‍ കോള്‍നിലത്തില്‍ നെല്‍കൃഷി ഇറക്കിയിരുന്നു. നല്ല വിളവെടുപ്പുമുണ്ടായി. കൊയ്ത്തുത്സവം അന്നത്തെ സഹകരണ വകുപ്പ് മന്ത്രി ടി.കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രണ്ടാംഘട്ടം കൃഷിയിറക്കുകയും വിളവ് ആരംഭിക്കാനിരിക്കുമ്പോള്‍ കൊയ്ത്തിന് മുന്‍പ് പാടത്ത് ഒരു തൊഴിലാളി അപകടത്തില്‍പ്പെട്ട് മരിച്ചത് കര്‍ഷകരില്‍ പ്രയാസമുണ്ടാക്കുകയും തുടര്‍ന്ന് കൊയ്ത്ത് നടത്താന്‍ കഴിയാതെ പോയതിനാല്‍ കാലവര്‍ഷത്തില്‍ വിളഞ്ഞ നെല്ലുകള്‍ നശിക്കുകയായിരുന്നു. പിന്നീട് പലഘട്ടങ്ങളിലും കോള്‍നിലത്തിന്റെ ബണ്ട് തകര്‍ക്കപ്പെട്ടതിനാല്‍ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്ന സാഹചര്യമുണ്ടായി.
കെ. ദാസന്‍ എം.എല്‍.എ മുന്‍കൈയെടുത്തതിന്റെ ഫലമായാണ് അകലാപ്പുഴ കോള്‍നിലത്തില്‍ കൃഷിയിറക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. നബാര്‍ഡിന്റെ ഒന്നര കോടി രൂപയുടെ സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുക. അരയ്ക്കുമീതേ വെള്ളമുള്ള കോള്‍നിലം മൂന്നു പ്ലോട്ടുകളാക്കി തിരിച്ചായിരിക്കും കൃഷിയിറക്കുന്നത്. ഒരു പ്ലോട്ടില്‍ വെള്ളം കെട്ടിനിര്‍ത്തി രണ്ടു പ്ലോട്ടില്‍ കൃഷിയിറക്കും. വെള്ളം കെട്ടിനിര്‍ത്തിയ ഭാഗത്ത് വിപുലമായ മത്സ്യകൃഷി നടത്താനും പദ്ധതിയുണ്ട്. സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ സഹകരണത്തോടെയാണ് മത്സ്യകൃഷി ആരംഭിക്കുന്നത്.
കൃഷിയിടത്തിനാവശ്യമായ നിലം ഒരുക്കുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തും. ത്രിതല പഞ്ചായത്ത് സമിതികളും കര്‍ഷകരും ഒന്നിച്ചുനിന്നാല്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തരിശുരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി തിക്കോടി പഞ്ചായത്തിലെ നൂറു ഹെക്ടറില്‍ കൃഷിയിറക്കാനുള്ള പദ്ധതിയും അകലാപ്പുഴ കോള്‍നിലത്തിലെ കൃഷിയും പ്രാവര്‍ത്തികമായാല്‍ തിക്കോടി പഞ്ചായത്ത് മികച്ചൊരു നെല്ലറയായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."