പരുക്കേറ്റവരെ കൊണ്ടുപോയ ഫാറൂഖ് കോളജ് പ്രിന്‍സിപ്പലിന്റെ കാറിന്റെ ചില്ല് തകര്‍ത്തു
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ സമാപന ദിവസം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. പരുക്കേറ്റ ഫാറൂഖ് കോളജിലെ വിദ്യാര്‍ഥികളെ കൊണ്ടുപോകുകയായിരുന്ന പ്രിന്‍സിപ്പലിന്റെ കാര്‍ അക്രമികള്‍ തടഞ്ഞു നിര്‍ത്തി ചില്ല് തകര്‍ത്തു.
മേളയില്‍ ഫാറൂഖ് കോളജ് വ്യക്തിഗത ചാംപ്യന്മാരായിരുന്നു. അക്രമ സംഭവങ്ങളെത്തുടര്‍ന്ന് കോളജ് അധികൃതരും വിദ്യാര്‍ഥികളും സമാപന ചടങ്ങ് ബഹിഷ്കരിച്ചു. ഇന്നലെ വൈകീട്ടോടെയാണ് കലോത്സവ നഗരിയില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. ഫാറൂഖ് കോളജിലെ വിദ്യാര്‍ഥികള്‍ക്കു നേരെ ഒരു വിഭാഗം ആസൂത്രിതമായി അക്രമം നടത്തുകയായിരുന്നു.
ഫാറൂഖ് കോളജ് യൂനിയന്‍ ഫൈന്‍ ആര്‍ട്സ് സെക്രട്ടറി ആദില്‍ ജഹാന്, യു.യു.സി സ്വാഹിബ് മുഹമ്മദ്, നിയാസ്, ഷഹീന് മുഹമ്മദ്, റിസ്വാന്, അന്‍ഫാസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കൊണ്ടുപോവുകയായിരുന്ന കാര്‍ വയനാട് റോഡില്‍ വച്ച് മുഖം മറച്ചെത്തിയ പത്തോളം വരുന്ന സംഘം അക്രമിക്കുകയായിരുന്നു. അക്രമത്തിന് പിന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്നും ഇവരില്‍ ചിലര്‍ ചുവന്ന ബാഡ്ജ് ധരിച്ചിരുന്നുവെന്നും പരുക്കേറ്റവര്‍ ആരോപിച്ചു.
ബി സോണ്‍ കലോത്സവവുമായി ബന്ധപ്പെട്ട് വടകരയില്‍ ദേവഗിരി കോളജിലെ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ അക്രമത്തിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്നതെന്നാണ് സംഘാടകര്‍ പറയുന്നത്. കലോത്സവ വേദിക്കരികില്‍ പൊലിസിനെ നിയോഗിച്ചിരുന്നുവെങ്കിലും ഇവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.
തുടര്‍ന്ന് ടൗണ്‍ സി.ഐ അഷ്റഫിന്റെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."