കോട്ടത്തറക്ക് തിരിച്ചുവരണം...
കോട്ടത്തറ: ജില്ലയില്‍ രൂക്ഷമായ പ്രളയക്കെടുതി അനുഭവപ്പെട്ട പ്രദേശമാണ് കോട്ടത്തറ പഞ്ചായത്ത്.
13ല്‍ 10 വാര്‍ഡും മുഴുവനായും വെള്ളത്തിനടിയിലയി. മൂന്ന് വാര്‍ഡുകളില്‍ ഭാഗികമായും വെള്ളം കയറി. സംസ്ഥാനത്ത് തന്നെ ഒരു പഞ്ചായത്തിലെ മുഴുവന്‍ ആളുകളും പ്രളയക്കെടുതിക്കിരയായ ഏക പഞ്ചായത്തായിരിക്കും കോട്ടത്തറ.
മുപ്പതിനായിരത്തിനടുത്ത് മാത്രം ജനസംഖ്യയുള്ള കോട്ടത്തറ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്ഷീരകര്‍ഷകരുള്ള പ്രദേശങ്ങളിലൊന്നാണ്. വാഴ, നെല്‍, അടക്ക തുടങ്ങിയ കൃഷികളില്‍ ഏര്‍പ്പെട്ടവരും പഞ്ചായത്തിലുണ്ട്.
പഞ്ചായത്തിലെ 75 ശതമാനം ആളുകളും കാര്‍ഷിക വൃത്തിയിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്നവരാണ്. ബാക്കിയുള്ളവരില്‍ ഭുരിഭാഗവും കൂലിവേലയെടുക്കുന്നവരാണ്. ചെറിയൊരു വിഭാഗം കച്ചവടക്കാരുമുണ്ട്. വെണ്ണിയോട്, മൈലാടി, കോട്ടത്തറ എന്നിങ്ങനെയുള്ള ചെറിയ ടൗണുകള്‍ മാത്രമാണ് പഞ്ചായത്തിലുള്ളത്. കൃഷിയില്‍ സന്തോഷം കണ്ടെത്തി ജീവിക്കുന്നവരായിരുന്നു ഇവിടത്തുകാര്‍.
ജീവിതത്തില്‍ മറക്കാനാവില്ല കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങളെ വിഴുങ്ങിയ പ്രളയമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെറിയ പുഴയും വലിയ പുഴയും കരകവിഞ്ഞൊഴുകി. തൊട്ടടുത്താണെങ്കിലും ഒരു ഉപകാരവുമില്ലാത്ത ബാണാസുര ഡാം തുറന്നു വിട്ടതും ഇവരെ നല്ലരീതിയില്‍ ബാധിച്ചു. കോട്ടത്തറ അങ്ങാടി തന്നെ നാമാവശേഷമാക്കിയാണ് പ്രളയം പിന്‍മാറിയത്. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നു. ഇതിന് പുറമെയാണ് വ്യക്തികള്‍ക്കുണ്ടായ നഷ്ടം. 50 കോടിക്കും മുകളിലാണ് നാട്ടുകാരുടെ നഷ്ടം.
രാത്രിയുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ ജീവന്‍ മാത്രമാണ് ഇവര്‍ കൂടെക്കൂട്ടിയത്. ധരിച്ച വസ്ത്രമല്ലാതെ മറ്റൊന്നും ഇവരുടെ പക്കലില്ലായിരുന്നു. സഹജീവിസ്‌നേഹത്താല്‍ അയല്‍ പ്രദേശത്തുകാരും മറ്റ് ജില്ലക്കാരും കാരുണ്യക്കരങ്ങളുമായി ഇവിടെയെത്തിയതാണ് പ്രദേശത്തുകാര്‍ക്ക് തെല്ലെങ്കിലും ആശ്വാസം നല്‍കിയത്. എന്നാല്‍ സ്ഥായിയായ വരുമാന മാര്‍ഗങ്ങളെല്ലാം ഇവരിനിയും കണ്ടെത്തേണ്ടതുണ്ട്. അതിനവര്‍ക്ക് പിന്തുണ നല്‍കേണ്ടത് അധികൃതരുടെ കൂടി കടമയാണ്. മൂന്നു വര്‍ഷമെങ്കിലുമെടുക്കും കോട്ടത്തറയെ പൂര്‍വ സ്ഥിതിയിലാക്കാന്‍.
വലിയകുന്ന്-മാങ്ങാട്ടുകുന്ന് റോഡ്, വെണ്ണിയോട്-കോട്ടത്തറ-പിണങ്ങോട് റോഡ്, കരിഞ്ഞകുന്ന്-ഹൈസ്‌കൂള്‍ റോഡ്, ജൂബിലി റോഡ്, കനാല്‍ എന്നിവ പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. ഇവകളൊക്കെ പൂര്‍വസ്ഥിതി പ്രാപിച്ച് സഞ്ചാര യോഗ്യമാക്കണം.
ഇതിനൊപ്പം പുഴകളെയും സംരക്ഷിക്കണം. മുന്‍പ് പുഴയരികില്‍ കൈതച്ചെടികളും കണ്ടല്‍കാടുകളും കാണാമായിരുന്നു. ഇത് പുഴയുടെ സംരക്ഷണ കവചമാണെന്ന് അറിഞ്ഞിട്ടും മനുഷ്യര്‍ തങ്ങളുടെ അത്യാര്‍ത്തി കൊണ്ട് ഇവയെല്ലാം നശിപ്പിച്ചു.
മണലൂറ്റലും തകൃതിയായതോടെ പുഴയും നാശത്തിന്റെ വക്കിലായി. വെണ്ണിയോട് സൊസൈറ്റിയില്‍ മാത്രം പാല്‍ അളന്നു കൊടുക്കുന്ന 250 കര്‍ഷകരാണ് കോട്ടത്തറ പഞ്ചായത്തിന്റെ ക്ഷീരമേഖലയുടെ ശക്തി.
ഇവിടെ കറവപശുക്കള്‍ വെള്ളത്തില്‍ മുങ്ങി ചത്തുപോയ കര്‍ഷകര്‍ ഏറെയാണ്. പത്തും പതിനഞ്ചും ലിറ്റര്‍ പാല്‍ നിത്യേന അളക്കുന്ന കര്‍ഷകന്റെ ഒരു ദിന വരുമാനം ശരാശരി അഞ്ഞൂറു രൂപയാണ്. ഒരു ശരാശരി കുടുംബത്തിന് മാന്യമായി ജീവിച്ചു പോകാന്‍ ഇതു ധാരാളമായിരുന്നു. എന്നാല്‍ എല്ലാം തകിടം മറിച്ചാണ് പ്രളയം ഈ പഞ്ചായത്തിനെ നക്കിത്തുടച്ചത്.
ഭാവി ഇനിയെന്ത്?
ക്ഷീര കര്‍ഷകനായ തുരുത്തിയില്‍ ബശീര്‍ തന്റെ സങ്കട കഥ വിവരിച്ച് വികാരാധീനായി. 15 വര്‍ഷമായി രണ്ടു പശുക്കളാണ് ജീവിത മാര്‍ഗം. 10 ലിറ്ററും 13 ലിറ്ററും പാല്‍ നിത്യം ലഭിക്കുമായിരുന്നു. അതില്‍ നിന്നും ദിനേന 450 രൂപ വരുമാനം കണ്ടെത്തിയിരുന്നു. തന്റെ രണ്ട് പെണ്‍മക്കളെ വിവാഹം ചെയ്തയച്ചതും മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കിയതുമൊക്കെ ഈ വരുമാനം കൊണ്ടാണ്. ജീവിതോപാധിയായ രണ്ടു പശുക്കളും ചത്തുപോയി. സി.എക്ക് ബംങ്കളൂരില്‍ പഠിക്കുന്ന മകന്റെ വിദ്യാഭ്യാസം ഇനി എങ്ങിനെ മുന്നോട്ടു കൊണ്ടു പോകുമെന്ന ചോദ്യത്തിനു മുമ്പില്‍ ബശീറിന് ഒരു തരം നിര്‍വികാരത മാത്രമാണിപ്പോഴുള്ളത്.
ബാങ്ക് ലോണും മുന്നോട്ടുള്ള ജീവിതവുമൊക്കെ വഴിമുട്ടിയെന്ന് ബശീര്‍ പറയുന്നു. വെള്ളം കയറിയതിനാല്‍ വീട്ടില്‍ നിന്നും തൊഴുത്തിലേക്കെത്താന്‍ ബശീറിന് സാധിച്ചില്ല.
സ്വന്തം ആവശ്യങ്ങള്‍ക്കായി കൃഷി ചെയ്ത് പുഴുങ്ങി സൂക്ഷിച്ചുവെച്ചിരുന്ന എട്ട് ചാക്ക് നെല്ലും വെള്ളം കയറി നശിച്ചതിനാല്‍ കഞ്ഞികുടിയും മുട്ടുമെന്നാണ് ബശീര്‍ പറയുന്നത്.
വെള്ളം കയറി വീടും ഭാഗികമായി തകര്‍ന്നു. ബാങ്ക് ലോണ്‍, മകന്റെ വിദ്യാഭ്യാസം, കുടുംബ ജീവിതം ബശീറിന് വാക്കുകള്‍ മുഴുമിക്കാനായില്ല. ഇതൊരാളുടെ മാത്രം സങ്കടമല്ല. അനേകം കോട്ടത്തറക്കാരില്‍ ഒരാള്‍ മാത്രമാണ് ഈ ബശീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."