ദി കാന്‍സെര്‍വ് സിംഫണി ഇന്ന് വൈകിട്ട് ആറിന്
കൊച്ചി: ക്യാന്‍സര്‍ രോഗബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കാന്‍സെര്‍വ് ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കെ.എസ് ചിത്ര മ്യൂസിക്കല്‍ നൈറ്റ് ലൈവ് ഷോ 'ദി കാന്‍സെര്‍വ് സിംഫണി ' ഇന്ന് വൈകിട്ട് ലേ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ഒമാന്‍ ഹാളില്‍ വൈകിട്ട് ആറിനാണ് സംഗീതനിശ. ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച ഏതാനും വനിതകള്‍ ചേര്‍ന്ന് രൂപീകരിച്ച കൂട്ടായ്മയാണ് കാന്‍സെര്‍വ് സൊസൈറ്റി.
ക്യാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ പിടിപെടുന്ന പാവപ്പെട്ടവരെ സഹായിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് ഗായിക കെ.എസ് ചിത്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ക്യാന്‍സര്‍ ജീവിതത്തിന്റെ അവസാനമല്ല മറിച്ച് പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ്. ചികിത്സാ ചിലവ് താങ്ങാനാവാത്തവര്‍ക്ക് സഹായം ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണ്. കാന്‍സര്‍ ബാധിതരുടെ ബുദ്ധിമുട്ടുകള്‍ താന്‍ നേരിട്ട് മനസിലാക്കിയതാണ്. തന്റെ അച്ഛനും അമ്മയും മരിച്ചത് കാന്‍സര്‍ മൂലമാണെന്നും ചിത്ര പറഞ്ഞു.
ക്യാന്‍സര്‍ ബാധിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി ഫണ്ട് സ്വരൂപണം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കാന്‍സെര്‍വ് സൊസൈറ്റി ഭാരവാഹികളായ സുജനായര്‍, കല ജോയ്‌മോന്‍, അംബിക, ജീജ കിഷന്‍ എന്നിവര്‍ പറഞ്ഞു.
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായി സഹകരിച്ചാണ് കാന്‍സെര്‍വ് സിംഫണി സംഘടിപ്പിച്ചിരിക്കുന്നത്. ക്യാന്‍സര്‍ രോഗികള്‍ക്കും ക്യാന്‍സറിനെ അതിജീവിച്ചവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."