അറബ് ലീഗ് ഉച്ചകോടി: ഇറാനെതിരെ അറബ് ലോകം ഒറ്റക്കെട്ടായി; അമേരിക്കന്‍ നീക്കത്തിനും ഉച്ചകോടിയുടെ പിന്തുണ
ജിദ്ദ: സുരക്ഷ തകര്‍ക്കാനും ഗള്‍ഫ് മേഖലയെ അസ്ഥിരപ്പെടുത്താനും ശ്രമിക്കുന്ന ഇറാന്റെ നടപടികളെ അറബ്, മുസ്‌ലിം രാഷ്ട്രത്തലവന്മാര്‍ ശക്തിയായി അപലപിച്ചു. ഇറാന്‍ ഭരണകൂടത്തിനെതിരേ അന്താരാഷ്ട്ര സമൂഹം കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന് മക്കയില്‍ ചേര്‍ന്ന അറബ് ലീഗ് ഉച്ചകോടി ആവശ്യപ്പെട്ടു.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നത് നിര്‍ത്താനും വാഗ്ദാനങ്ങള്‍ പാലിക്കാനും ഇറാന്‍ തയാറാകണമെന്ന് രാഷ്ട്രത്തലവന്മാര്‍ ആവശ്യപ്പെട്ടു. അതേ സമയം യുദ്ധമൊഴിവാക്കി ഇറാനെ നിലക്ക് നിര്‍ത്താന്‍ അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്ക് ഉച്ചകോടി പിന്തുണ പ്രഖ്യാപിച്ചു. കപ്പലാക്രമണത്തിന്റേയും അരാംകോ സ്റ്റേഷന്‍ ആക്രമണത്തിന്റേയും പശ്ചാത്തലത്തിലാണ് സഊദി അടിയന്തിര ജിസിസി ഉച്ചകോടി വിളിച്ചു ചേര്‍ത്തത്.
മേഖലാ സമാധാനത്തിന് തുരങ്കം വയ്ക്കുകയാണ് ഇറാന്‍. ഉറച്ച നിലപാടില്ലാത്തതാണ് ഇതിന് കാരണം. അവരെ നിലക്ക് നിര്‍ത്താന്‍ ലോക രാജ്യങ്ങള്‍ ഒന്നിച്ച് നിലകൊള്ളണമെന്ന് പ്രമേയത്തിലൂടെ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവും ആവര്‍ത്തിച്ചു. യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഉച്ചകോടി വ്യക്തമാക്കി. ആണവായുധശേഷി കൈവരിക്കുന്നതില്‍നിന്ന് ഇറാനെ അന്താരാഷ്ട്ര സമൂഹം തടയണം. സിറിയന്‍ ഐക്യം തകര്‍ത്തുകൊണ്ടുള്ള ഇറാന്‍ ഇട പെടലിനെ ഉച്ചകോടി അപലപിച്ചു. സഊദി അറേബ്യക്കുനേരെ ഇറാന്‍ മിസൈലുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള ആക്രമണം, ബഹ്റൈനില്‍ ഭീകര സംഘടനകള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ, യു.എ.ഇക്ക് അവകാശപ്പെട്ട മൂന്ന് ദ്വീപുകളിലെ ഇറാന്‍ അധിനിവേശം എന്നിവയേയും ഉച്ചകോടി ശക്തിയായി അപലപിച്ചു. അതേ സമയം ഇറാനെതിരായ പ്രമേയം തയാറാക്കുന്നതില്‍ നിന്ന് ഇറാഖ് വിട്ടു നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."