അപകടക്കെണിയൊരുക്കി റോഡിലെ ഗര്‍ത്തങ്ങള്‍
കല്‍പ്പറ്റ: ജില്ലയില്‍ രണ്ട് മാസക്കാലത്തോളം തിമിര്‍ത്ത് പെയ്ത മഴയില്‍ മിക്കയിടങ്ങളിലേയും ദേശീയപാതകളുള്‍പ്പടെയുള്ള റോഡുകള്‍ തകര്‍ന്ന് അപകടാവസ്ഥയിലായി.
കല്‍പ്പറ്റ-പടിഞ്ഞാറത്തറ, മണിയങ്കോട്-പുളിയാര്‍മല, തെക്കുംത്തറ- കോട്ടത്തറ തുടങ്ങിയ നിരവധി റോഡുകളാണ് പൊട്ടിപൊളിഞ്ഞ് താറുമാറായി കിടക്കുന്നത്. കല്‍പ്പറ്റ മുതല്‍ പിണങ്ങോട്- പടിഞ്ഞാറത്തറ വരെയുള്ള റോഡ് പൂര്‍ണമായും തകര്‍ന്ന് നടുവൊടിക്കുന്ന രീതിയിലേക്ക് മാറിയിരിക്കയാണ്.
കൂടാതെ പൂര്‍ണമായും റീടാറിങ് നടത്തി ഗതാഗതയോഗ്യമാക്കേണ്ട റോഡില്‍ നാട്ടുകാരുടെയും കര്‍മസമിതിയുടെയും മറ്റും പ്രതിഷേധം കണക്കിലെടുത്തും കണ്ണില്‍ പൊടിയിടാനായി മാത്രമാണ് രണ്ടു തവണ കുഴികളടച്ച് പ്രദേശത്തുകാരെ കബളിപ്പിച്ചത്. എന്നാല്‍ ഈ റോഡാണ് ഇപ്പോള്‍ കാല്‍നടക്ക് പോലും സാധിക്കാത്ത വിധം തകര്‍ന്നുതരിപ്പണമായിരിക്കുന്നത്. മഴവെള്ളം റോഡിലൂടെ കുത്തിയൊലിച്ചതിനാല്‍ കല്ലുകളിളകി റോഡില്‍ ചിന്നിചിതറി കിടക്കുകയുമാണ്. ഈ ഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങളടക്കമുള്ളവ കുഴിയിലകപ്പെടുന്നതും പതിവ് കാഴ്ച്ചയാണ്. ഫാത്തിമ ആശുപത്രിക്ക് സമീപം ഒരു ആംബുലന്‍സ് കുഴിയിലകപ്പെട്ട് ഏറെ പ്രയാസത്തിലായിരുന്നു. രാത്രി യാത്രാ നിരോധനം നിലനില്‍ക്കുന്നതിനാല്‍ രാത്രിയില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വിസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങളുടെയും പ്രധാന ആശ്രയം കൂടിയാണിത്.
ജില്ലയിലെ പ്രധാന ടൂറിസം മേഖലയായ ബാണാസുര സാഗര്‍ ഡാമിലെക്കുള്ള വഴി കൂടിയാണിത്. പ്രധാനമായും കല്‍പ്പറ്റ ചുങ്കം ജങ്ഷന്‍, ഫാത്തിമ ആശുപത്രിക്ക് സമീപം, വെയര്‍ഹൗസ്, അപ്പണവയല്‍, പുഴമുടി, വെങ്ങപ്പള്ളി പഞ്ചാബ്, പിണങ്ങോട്, കാവുംമന്ദം എന്നീ സ്ഥലങ്ങളിലാണ് റോഡ് പൂര്‍ണമായും തകര്‍ന്നത്. മണിയങ്കോട്-പുളിയാര്‍മല റോഡിന്റെ അവസ്ഥയും വിഭിന്നമല്ല. കുഴികള്‍ രൂപപ്പെട്ടതിനാല്‍ ഇതിലൂടെ കാല്‍നടയാത്രകാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കടന്നുപോകാന്‍ പ്രയാസമാണ്. പലതവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും ഫണ്ട് പാസായിട്ടുണ്ട് എന്ന മറുപടിയല്ലാതെ റോഡ് പ്രവൃത്തിക്കാവശ്യമായ യാതൊരുവിധ മുന്നൊരുക്കങ്ങളും ചെയ്തിട്ടില്ല.
എം.വി ശ്രേയാംസ് കുമാര്‍ എം.എല്‍.എയായിരുന്ന സമയത്ത് കല്‍പ്പറ്റ മുതല്‍ വാരാമ്പറ്റ വരെ റോഡ് പ്രവൃത്തിക്കായി 30 കോടി പാസായിരുന്നെങ്കിലും പ്രവൃത്തി നടക്കാത്തതിനെ തുടര്‍ന്ന് ഫണ്ട് ലാപ്‌സാകുകയായിരുന്നു. കൂടാതെ രണ്ടാം തവണയും ഇത്തരത്തില്‍ ഫണ്ട് പാസാവുകയും ഡ്രൈനേജ് ഉള്‍പ്പടെ നിര്‍മിച്ച് വീതികൂട്ടി റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനായി ഓര്‍ഡര്‍ വന്നെങ്കിലും അതും നിലച്ചിരിക്കയാണ്. എത്രയും വേഗത്തില്‍ റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ബഹുജന പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."