ലോകരാഷ്ട്രത്തലവന്മാര്ക്ക് മുന്നില്‍ ഹൂത്തി ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് സഊദി
ജിദ്ദ: ഇസ്ലാമിക്, ഗള്‍ഫ്, അറബ് ഉച്ചകോടികളില്‍ പങ്കെടുക്കുന്ന ലോക നേതാക്കള്‍ക്കു മുന്നില്‍ സഊദിക്കു നേരെ ആക്രമണങ്ങള്‍ നടത്തുന്നതിനായി ഹൂത്തി മിലീഷ്യകള്‍ ഉപയോഗിച്ച ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു സഊദി. ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലാണ് സഊദിക്കു നേരെ ആക്രമണങ്ങള്‍ നടത്തുന്നതിന് ഹൂത്തികള്‍ ഉപയോഗിച്ച പൈലറ്റില്ലാ വിമാനങ്ങളും റിമോട്ട് കണ്ട്രോള് ബോട്ടുകളും ബാലിസ്റ്റിക് മിസൈലുകളും ഷെല്ലുകളും മറ്റു ആയുധങ്ങളും പ്രദര്‍ശിപ്പിക്കുന്നത്. സഊദി അറേബ്യക്കെതിരായ ആക്രമണങ്ങളില്‍ ഇറാനുള്ള പങ്ക് ഈ ആയുധങ്ങള്‍ സ്ഥിരീകരിക്കുന്നു.
2018 മാര്‍ച്ച് 25ന് റിയാദിനു നേരെ ആക്രമണം നടത്താന്‍ ഉപയോഗിച്ച ഇറാന് നിര്‍മിത, ഖിയാം ഇനത്തില്‍ പെട്ട ബാലിസ്റ്റിക് മിസൈല്‍, 2016ല്‍ മക്കക്കു നേരെ ആക്രമണം നടത്താന്‍ ഉപയോഗിച്ച ഇറാന് നിര്‍മിത ഖിയാം ബാലിസ്റ്റിക് മിസൈല്‍, ഇറാന് നിര്‍മിത പൈലറ്റില്ലാ വിമാനങ്ങളായ അബാബീല്‍, ഖാസിഫ്, റാസിദ്, ഇറാന് നിര്‍മിത ആര്.പി.ജി ഷെല്‍, പാറ്റന്‍ ടാങ്ക് വേദ മിസൈല്‍ ആയ ദഹ്ലവി ഇനത്തില്‍ പെട്ട മിസൈല്‍, ഇറാന് നിര്‍മിത ബൈനോക്കുലര്‍, ഇറാന് സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച സ്ഫോടക വസ്തുക്കള്‍ നിറച്ച റിമോട്ട് കണ്ട്രോള് ബോട്ട് എന്നിവ അടക്കമുള്ള ആയുധങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന 56 രാഷ്ട്രങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്കും വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കും കാണുന്നതിന് ജിദ്ദ എയര്‍പോര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രതിരോധ മന്ത്രാലയം, വിദേശ മന്ത്രാലയത്തിലെ കമ്യൂണിക്കേഷന്‍സ് ആന്റ് മീഡിയ സെന്റര്‍, യെമന്‍ വികസനപുനര്നിര്മാണ കേന്ദ്രം എന്നിവ സംയുക്തമായാണ് എക്സിബിഷന് സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."