വരയാലിലേക്കുള്ള ബസ് സര്‍വിസ് നിലച്ചു
മാനന്തവാടി: മാനന്തവാടിയില്‍ നിന്നും വരയാലിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ ബസ് സര്‍വിസ് നിലച്ചതോടെ ജനം വലയുന്നു.
കണ്ണോത്തുമലയിലെ ഓവുപാലം തകര്‍ന്നതോടെയാണ് ബസ് സര്‍വിസ് ആഴ്ചകള്‍ക്ക് മുമ്പ് താല്‍കാലികമായി നിര്‍ത്തിയത്. ഇതുമൂലം ഏറ്റവും കൂടുതല്‍ ദുരിതത്തിലായത് വരയാല്‍ പ്രദേശത്തെ വിദ്യാര്‍ഥികളാണ്. കനത്ത മഴയിലുണ്ടായ മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കിലാണ് കണ്ണോത്തുമലയിലെ ചെറിയ ഓവുപാലം തകര്‍ന്നത്. എന്നാല്‍ തവിഞ്ഞാല്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ നാട്ടുകാര്‍ ഓവുപാലം താല്‍കാലികമായി നന്നാക്കി ഗതാഗത യോഗ്യമാക്കിയിരുന്നു. നിലവില്‍ പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘത്തിന്റെ വാളാടേക്കുള്ള ബസുള്‍പ്പെടെ എല്ലാ വിധവാഹനങ്ങളും ഇതുവഴി ഓടുന്നുണ്ട്. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ ബസുകള്‍ ഇതുവഴി ഓടി തുടങ്ങിയിട്ടില്ല. വരയാലിലേക്കുള്ള ബസ് സര്‍വിസ് നിര്‍ത്തിയതോടെ പ്രദേശവാസികള്‍ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ശനിയും ഞായറും ഒഴികെ രാവിലെയും വൈകിട്ടുമായി രണ്ട് സര്‍വിസുകളാണ് കെ.എസ്.ആര്‍.ടി.സി മുമ്പ് വരയാലിലേക്ക് നടത്തിയിരുന്നത്. ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമായിരുന്നു. വരയാലിനെ കൂടാതെ എടമന, കണ്ണോത്തുമല എന്നിവിടങ്ങളിലുള്ളവരും ഈ ബസ് സര്‍വിസിനെയാണ് ആശ്രയിക്കുന്നത്. വരയാല്‍ പ്രദേശത്തെ മാനന്തവാടി തലശ്ശേരി റോഡുമായി ബന്ധിപ്പിക്കുന്ന 41-ാം മൈലിലെ പാലവും കനത്ത മഴയില്‍ തകര്‍ന്നിരുന്നു. ഇതിനാല്‍ ഈ പ്രദേശത്തുകാര്‍ക്ക് ഈ വഴി യാത്ര ചെയ്യാനും കഴിയില്ല. കണ്ണോത്തുമലയിലെ ഓവുപാലത്തിലൂടെ സര്‍വിസ് നടത്താന്‍ പ്രയാസമാണെങ്കില്‍ വെണ്‍മണി വഴി വരയാലിലേക്ക് ബസ് സര്‍വിസ് നടത്താന്‍ അധികൃതര്‍ തയാറാവണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."