അപകടക്കെണിയായി മാനന്തവാടി മൈസൂര്‍ റോഡിലെ ജങ്ഷന്‍
മാനന്തവാടി: ഗതാഗതകുരുക്കുകളാല്‍ വീര്‍പ്പുമുട്ടുന്ന മാനന്തവാടി നഗരത്തില്‍ കുരുക്കിനൊപ്പം അപകടഭീഷണിയുമുയര്‍ത്തി മാനന്തവാടി-മൈസൂര്‍ റോഡില്‍ നിന്നും കോഴിക്കോട് റോഡിലേക്കിറങ്ങുന്ന ജങ്ഷന്‍.
റോഡിനോട് ചേര്‍ന്നുള്ള പഴയകെട്ടിടങ്ങള്‍ക്കിടയിലൂടെ കുത്തനെ വളഞ്ഞിറങ്ങുന്ന ഇവിടം ഏത് സമയവും വലിയ വാഹനങ്ങള്‍ കുടുങ്ങുമെന്ന അവസ്ഥയാണുള്ളത്. ഇന്ന് രാവിലെ ഇവിടെ ലോറി കുടുങ്ങി ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു. അതിന്റെ പിന്നാലെയാണ് സ്വകാര്യ ബസ് വളഞ്ഞിറങ്ങുന്നതിനിടെ ബൈക്കില്‍ തട്ടുകയും തലയടിച്ചുവീണ് യുവാവ് മരിക്കുകയും ചെയ്തത്. മാനന്തവാടി നഗരത്തിലെ മറ്റ് റോഡുകളെ പോലെതന്നെ ഇവിടെ വീതികുറവാണെന്നുള്ളതാണ് പ്രധാന പ്രതിസന്ധി. മൈസൂര്‍ റോഡില്‍ നിന്നും ഏത് വാഹനം വന്നാലും ഈ ജങ്ഷനിലൂടെ വേണം കോഴിക്കോട് റോഡിലേക്ക് പ്രവേശിക്കാന്‍. കൂടാതെ തലശ്ശേരി റോഡില്‍ നിന്നും മറ്റും കോഴിക്കോട് റോഡിലേക്ക് പോകുന്ന പ്രധാന നിരത്തും ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ ഏത് സമയവും ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഈ ജങ്ഷനിലൂടെ കടന്നുപോകുന്നത്. വലിയ വാഹനങ്ങള്‍ ഇതുവഴി തിരിച്ചിറക്കുമ്പോഴാണ് ഗതാഗതകുരുക്ക് കാര്യമായുണ്ടാകുന്നത്. ഇന്ന് രാവിലെയും ഇവിടെ ലോറി കുടുങ്ങിയിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ലോറി കുടുക്കില്‍ നിന്നും മാറ്റിയത്. അതിന് പുറകെയാണ് ഇതേ ജങ്ഷനില്‍വെച്ച് ബൈക്ക് യാത്രികന്‍ അപകടത്തില്‍പ്പെടുന്നത്. ഇതോടെ ഈ ജങ്ഷന്‍ യാത്രക്കാരുടെ പേടിസ്വപന്മായി മാറിയിരിക്കുകയാണ്. റോഡിലേക്കിറങ്ങി നില്‍ക്കുന്ന പഴയകെട്ടിടങ്ങളുടെ ഭാഗങ്ങള്‍ പൊളിച്ചുനീക്കിയിട്ടാണെങ്കില്‍ കൂടിയും എത്രയും പെട്ടെന്ന് ഇവിടെ വീതികൂട്ടി ഗതാഗത സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."