നഗരത്തില്‍ പുതിയ സിഗ്നല്‍ സംവിധാനങ്ങള്‍ വരുന്നു തേവരയില്‍ അടുത്തയാഴ്ച പ്രാവര്‍ത്തികമാകും
കൊച്ചി:നഗരത്തിലും പശ്ചിമ കൊച്ചിയിലും ട്രാഫിക് നിയന്ത്രണത്തിനായി പുതിയ സിഗ്നല്‍ സംവിധാനങ്ങള്‍ വരുന്നു. തേവര ജങ്ഷന്‍,ജനറല്‍ ആശുപത്രി ജങ്ഷന്‍,ബി.ഒ.ടി ഈസ്റ്റ് എന്നിവിടങ്ങളിലാണ് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്.ഇതില്‍ തേവരയിലേതിന്റെ നിര്‍മാണപ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്.
അടുത്തയാഴ്ച സംവിധാനം പ്രാവര്‍ത്തികമാകും. പൊതുജനങ്ങളില്‍ നിന്ന് നിരന്തരം ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നും ട്രാഫിക് പൊലിസിന്റെ സുരക്ഷയും മുന്‍നിര്‍ത്തിയാണ് പുതിയ സിഗ്നല്‍ സ്ഥാപിക്കുന്നതെന്ന് ട്രാഫിക് സി.ഐ ജയരാജ് 'സുപ്രഭാത'ത്തോട് പറഞ്ഞു.മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് എം.ജി.റോഡ്,കടവന്ത്ര,പനമ്പിള്ളി നഗര്‍ എന്നിവിടങ്ങളില്‍ നിന്ന് വൈറ്റിലയിലേക്കുള്ള റൂട്ടിലേക്ക് ഗതാഗത കുരുക്ക് ശക്തമായതിനെതുടര്‍ന്നാണ് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തേവരവഴി തിരിഞ്ഞ് പോകാന്‍ തുടങ്ങിയത്. എന്നാല്‍ എം.ജി റോഡില്‍ നിന്ന് ഫോര്‍ട്ട് കൊച്ചി,തോപ്പുംപടി, തേവര ഫെറി,തേവര ജങ്ഷന്‍ എന്നിവിടങ്ങളിലേക്കുള്ള പ്രൈവറ്റ് ബസുകളും മറ്റ് വാഹനങ്ങളും തേവര ജംങ്ഷനില്‍ എന്നും കടുത്ത ഗതാഗതക്കുരുക്ക് തീര്‍ത്തിരുന്നു.മുന്തിയ ഫ്‌ളാറ്റുകളില്‍ പലതും തേവരയിലായതിനാല്‍ ആഢംഭര കാറുകളുടെ എണ്ണവും ഈ റൂട്ടില്‍ അധികമാണ്. വൈറ്റിലയിലേക്കുള്ള വാഹനങ്ങള്‍കൂടി ഇതുവഴി പോകാന്‍ തുടങ്ങിയതോടെ ഇവിടുത്തെ ഗാതഗതക്കുരുക്ക് പതിന്മങ്ങ് വര്‍ധിക്കുകയായിരുന്നു.
തേവര ജങ്ഷനില്‍ സിഗ്നല്‍ സംവിധാനം ഇല്ലാതിരുന്നത് പലപ്പോഴും വാഹനങ്ങള്‍ തമ്മില്‍ ഉരസാനും കാരണമായിരുന്നു.ഇവിടെ ഗതാഗതം നിയന്ത്രിച്ചിരുന്ന ട്രാഫിക് പൊലിസും ജീവന്‍ പണയം വെച്ചാണ് ജോലി ചെയ്തിരുന്നത്.റോഡിനു നടുവില്‍ നിന്ന് ഗതാഗതം നിയന്ത്രിച്ചിരുന്ന ഇവര്‍ക്ക് നാലു വശങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു.വാഹനങ്ങളുടെ തള്ളിക്കയറ്റം പലപ്പോഴും വാക്കുതര്‍ക്കത്തിനും ഇടവരുത്തിയിരുന്നു.
എന്നാല്‍ ട്രാഫിക് നിയന്ത്രണത്തിനായി സിഗ്നല്‍ സംവിധാനം നിലവില്‍വരുന്നതോടെ ഗതാഗതത്തിന് അടുക്കും ചിട്ടയും വരും.കാല്‍നടയാത്രക്കാര്‍ക്കും റോഡ് മുറിച്ചുകടക്കുന്നവര്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യും.നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന ജനറല്‍ ആശുപത്രി ജംങ്ഷനിലും സിഗ്നല്‍ സംവിധാനം ഉടന്‍ സ്ഥാപിക്കും.ഇതിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.സുബാഷ് പാര്‍ക്കില്‍ എത്തുന്നവര്‍ക്കും സിഗ്നല്‍ സംവിധാനം പ്രയോജനം ചെയ്യും.
പശ്ചിമകൊച്ചിയിലേക്കുള്ള വാഹനങ്ങളുടെ തിരക്ക് പരിഗണമിച്ചാണ് ബി.ഒ.ടി ഈസ്റ്റില്‍ സിഗ്നല്‍ സംവിധാനം ഒരുക്കുന്നത്.മാസങ്ങള്‍ക്ക് മുമ്പ് പാലാരിവട്ടത്തും, വൈറ്റിലയിലും സിഗ്നല്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കി നടത്തിയ പരിഷ്‌കാരങ്ങള്‍ നിരവധി വാഹനാപകടങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു.എന്നാല്‍ കൂടുതല്‍ സിഗ്നല്‍ സംവിധാനങ്ങള്‍ വരുന്നതോടെ നഗരത്തിലെ ഗതാഗതം ഏറെക്കുറെ നിയന്ത്രണവിധേയമാകുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."