മഥുരയില്‍ ബാബരി ആവര്‍ത്തിക്കരുത്
ബാബരിക്കു പിന്നാലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി മഥുര ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ച് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. മഥുര സിവില്‍ കോടതി ഇതേ ഹരജി തള്ളിയതിനു പിന്നാലെ ജില്ലാകോടതിയെ സമീപിക്കുകയായിരുന്നു. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്നും അനുബന്ധമായ 13.37 ഏക്കര്‍ ഭൂമി ശ്രീകൃഷ്ണ ജന്‍മഭൂമിക്ക് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് രഞ്ജന അഗ്‌നിഹോത്രിയെന്ന വ്യക്തിയാണ് ഹരജി ഫയല്‍ ചെയ്തത്. അതോടൊപ്പം കൃഷ്ണ ഭക്തരെന്ന് അവകാശപ്പെടുന്ന ആറു പേരെയും ഹരജിക്കാരായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭഗവാന്‍ ശ്രീകൃഷ്ണ വിരാജ്മാന്‍ എന്ന പേരിലാണ് ഹരജി. അതായത് ബാലനായ ശ്രീകൃഷ്ണന്‍ തന്നെയാണ് ഹരജിക്കാരന്‍. ബാബരി കേസിലും ഭൂജാതനായ രാമനായിരുന്നു ഹരജിക്കാരന്‍ എന്നതു മറക്കരുത്. 1885ല്‍ ബാബരി മസ്ജിദ് സംബന്ധിച്ച തര്‍ക്കം തുടങ്ങിയിരുന്നെങ്കിലും 1989ല്‍ രാംലല്ല വിരാജ്മാന്‍ (ഭൂജാതനായ രാമന്‍) എന്ന പേരില്‍ ഹൈക്കോടതിയില്‍ ഒരു കേസ് കൂടി ഫയല്‍ ചെയ്യപ്പെടുന്നതോടെയാണ് ബാബരി കേസില്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് ഹിന്ദുത്വ വൈകാരികത കൂടുതല്‍ ആളിക്കത്തിക്കാന്‍ അവസരമൊരുങ്ങുന്നത്.
വ്യക്തികള്‍ തമ്മിലുള്ള കേസുകളില്‍ ഒരു വിഭാഗം ദൈവമായി കാണുന്നയാളെ ഹരജിക്കാരനാക്കുന്നത് കേസില്‍ നിയമത്തെ നോക്കുകുത്തിയാക്കും. ദൈവം നേരിട്ട് നീതി തേടി കോടതി കയറുന്നുവെന്ന നിലയിലാണ് സംഘ്പരിവാര്‍ കേസ് അവതരിപ്പിച്ചത്. ഷാഹി ഈദ്ഗാഹ് മസ്ജിദിന്റെ കാര്യത്തിലും ഈ ചരിത്രം ആവര്‍ത്തിക്കുന്നത് നമുക്ക് കാണേണ്ടി വരുമോ?. പ്രതിഷ്ഠയെ ജുഡീഷ്യല്‍ വ്യക്തിയായി അംഗീകരിക്കാന്‍ പറ്റുമോ, അല്ലെങ്കില്‍ പ്രതിഷ്ഠയ്ക്ക് നീതി തേടി കോടതിയെ സമീപിക്കാന്‍ പറ്റുമോയെന്ന ചോദ്യത്തിന്റെ ഉത്തരം ബാബരി കേസില്‍ സംഘ്പരിവാര്‍ സ്ഥാപിച്ചെടുത്തതാണ്.
അതിനാല്‍ അവിടെ ഈ ചോദ്യത്തിന് പ്രസക്തിയുണ്ടാകില്ല. ബാബരിക്കു പിന്നാലെ രാജ്യത്ത് തകര്‍ക്കാന്‍ വിശ്വഹിന്ദു പരിഷത്ത് നിശ്ചയിച്ച 2000ത്തിലധികം പള്ളികളില്‍ രണ്ടാം സ്ഥാനത്താണ് മഥുര. കാശിയിലെ ഗ്യാന്‍ വ്യാപി മസ്ജിദ് മൂന്നാമതായുണ്ട്. ബാബരി തകര്‍ത്തതിനു പിന്നാലെ ഇനി കാശിയും മധുരയും ബാക്കിയുണ്ടെന്നായിരുന്നു സംഘ്പരിവാര്‍ മുദ്രാവാക്യം.
ബാബരി മസ്ജിദ് തകര്‍ത്തതിനു മൂന്നു മാസങ്ങള്‍ക്കു ശേഷം 1993 മാര്‍ച്ചില്‍ അടുത്തത് മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദാണ് ലക്ഷ്യമെന്ന് അന്നത്തെ വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാള്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. കാശി വിശ്വനാഥ ക്ഷേത്രത്തിനു തൊട്ടടുത്തുള്ള ഗ്യാന്‍ വ്യാപി മസ്ജിദ് തകര്‍ക്കാനുള്ള പദ്ധതിക്കാകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശി വിശ്വനാഥ കോറിഡോര്‍ പദ്ധതിയിലൂടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തറക്കല്ലിടുകയും ചെയ്തിട്ടുണ്ട്.
600 കോടിയുടെ പദ്ധതിയായാണ് കാശി വിശ്വനാഥ് കോറിഡോറില്‍ വരുന്നത്. ഇതിനായി കാശി വിശ്വനാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള 45,000 ചതുരശ്ര അടി ഭൂമി ഏറ്റെടുക്കണം. അതിനായി ചുറ്റുമുള്ള 300 വീടുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചു നീക്കണം. ഈ 45,000 ചതുരശ്ര അടിക്കുള്ളിലാണ് ഗ്യാന്‍വ്യാപി മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
കാശി വിശ്വനാഥ കോറിഡോര്‍ പദ്ധതി നരേന്ദ്രമോദി 2019 മാര്‍ച്ച് ആദ്യത്തില്‍ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പദ്ധതിയൂടെ രൂപരേഖ വിഡിയോ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ പള്ളിയെ പദ്ധതി പ്രദേശത്തിനുള്ളിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതായത് ക്ഷേത്രത്തിന്റെ വികസനപദ്ധതിയില്‍ പള്ളി നിന്ന ഭൂമി കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി നരേന്ദ്ര മോദി തന്നെ തന്റെ മണ്ഡലത്തിലേക്കായി തയാറാക്കിയിട്ടുള്ളത്.
ഇനിയിപ്പോള്‍ കാശിയാണോ മഥുരയാണോ ആദ്യമെന്ന ചോദ്യം മാത്രമേ ബാക്കിയുള്ളൂ. മുഗള്‍ ഭരണാധികാരി ഔറംഗസീബ് ശ്രീകൃഷ്ണ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നും തുടര്‍ന്ന് പള്ളിക്കമ്മറ്റി അനുബന്ധ നിര്‍മാണം നടത്തിയെന്നുമാണ് ഷാഹി ഈദ്ഗാഹ് പള്ളിക്കെതിരായ ഹരജിയിലെ പ്രധാന വാദം. ഉത്തര്‍പ്രദേശ് സുന്നി വഖ്ഫ് ബോര്‍ഡ്, ഷാഹി ഈദ്ഗാഹ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി എന്നിവരെ മുഖ്യ എതിര്‍കക്ഷിയാക്കിയാണ് കേസ്.
സുന്നി വഖ്ഫ് ബോഡിന്റെ അനുമതിയോടെ കത്‌റ കേശദ് ദേവ് നഗരത്തില്‍ കൃഷ്ണന്റെ ജന്‍മഭൂമി മുസ്‌ലിംകളും ഷാഹി ഈദ്ഗാഹ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയും ചേര്‍ന്ന് അനധികൃതമായി നിയമപരമായ അവകാശം സ്ഥാപിക്കുകയും അധിക നിര്‍മാണങ്ങള്‍ നടത്തുകയും ചെയ്യുകയായിരുന്നുവെന്നും അത് പൊളിച്ചു നീക്കി ഭൂമി കൈമാറണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.ശ്രീകൃഷ്ണ ജന്‍മഭൂമിയായതിനാല്‍ അത് ഹിന്ദുക്കളുടെ പുണ്യഭൂമിയാണ്. 1968 ഒക്ടോബര്‍ 12ന് പള്ളി മാനേജ്‌മെന്റ് കമ്മിറ്റിയും ശ്രീകൃഷ്ണ ജന്‍മസ്ഥാന്‍ സേവാ സംഘവും ചേര്‍ന്ന് കോടതിയില്‍ കള്ളത്തരം കാട്ടി ശ്രീകൃഷ്ണനില്‍ നിന്ന് ഭൂമി തട്ടിയെടുത്തു. ഒരിക്കല്‍ പ്രതിഷ്ഠയിരുന്ന സ്ഥലം എക്കാലത്തും പ്രതിഷ്ഠയുടേതാണെന്നാണ് ഹിന്ദു നിയമം പറയുന്നത്. അത് അധിനിവേശക്കാര്‍ ആരെങ്കിലും കൈയടക്കുകയോ തകര്‍ക്കുകയോ ചെയ്താലും അവരില്‍നിന്ന് സ്വതന്ത്രമാകുമ്പോള്‍ വീണ്ടെടുത്ത് അവിടെ ക്ഷേത്രം സ്ഥാപിക്കണം. അങ്ങനെ വന്നാല്‍ പള്ളിയും ഭൂമിയും ശ്രീകൃഷ്ണന് അവകാശപ്പെട്ടതാണ്. 1658 ജൂലൈ 31 മുതല്‍ 1707 മാര്‍ച്ച് മൂന്നു വരെ ഇന്ത്യ ഭരിച്ച മുഗള്‍ രാജാവ് ഔറംഗസീബ് ഇന്ത്യയില്‍ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടുണ്ട്. അതിലൊന്നായിരുന്നു കത്‌റ കേശവ് ദേവിലെ ശ്രീകൃഷ്ണ ക്ഷേത്രവും. ഔറംഗസീബിന്റെ സൈന്യം ശ്രീകൃഷ്ണ ക്ഷേത്രം തകര്‍ത്താണ് ഈഗ്ഗാഹ് പള്ളിയുണ്ടാക്കിയതെന്നും ഹരജി വാദിക്കുന്നു.
ആരാധനാലയങ്ങളുടെ 1947 മുതലുള്ള തല്‍സ്ഥിതി മാറ്റാന്‍ 1991ലെ ആരാധനാലയ നിയമം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. എന്നാല്‍ ജില്ലാകോടതിക്ക് ഹരജി ഫയലില്‍ സ്വീകരിക്കാന്‍ ഈ നിയമം തടസമായില്ലെന്നത് ഗൗരവത്തോടെ കാണണം. തങ്ങള്‍ക്ക് കൂടുതല്‍ പള്ളികള്‍ തകര്‍ത്തോ അല്ലാതെയോ ക്ഷേത്രമാക്കാന്‍ തടസമാകുന്ന 1991ലെ ആരാധനാലയ നിയമം എടുത്തു കളയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഹിന്ദുത്വ സംഘടനകള്‍. ഒന്നുറപ്പാണ്, ബാബരിയോടെ സംഘ്പരിവാര്‍ അവസാനിപ്പിച്ചിട്ടില്ല. അവരുടെ അടുത്ത ലക്ഷ്യത്തിലേക്ക് കടന്നിരിക്കുകയാണ്.
ബാബരി പള്ളിയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിന് വഴിയൊരുക്കിയത് ഭരണകൂടങ്ങളുടെ അനാസ്ഥയായിരുന്നു. പള്ളിയില്‍ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ അവസരമൊരുക്കിയതും പള്ളി തകര്‍ക്കുന്നതിനെ തടയാതിരുന്നതും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുവെന്നും ഭരണഘടന സംരക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവരാണ്. ന്യൂനപക്ഷങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ച പാര്‍ട്ടി രാജ്യം ഭരിക്കുമ്പോഴാണ് അത് സംഭവിച്ചത്. ബാബരി ഇന്ത്യയില്‍ ആവര്‍ത്തിക്കരുത്. അതിനായി മതേതര രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒന്നിക്കണം. വിഭജനത്തിന് കൂട്ടുനില്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."