കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി കെ.എസ്.ആര്‍.ടി.സി ശൗചാലയം
തൊടുപുഴ: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ശൗചാലയം കൊതുകു വളര്‍ത്തല്‍ കേന്ദ്രമാകുന്നു. ശൗചാലയം ഉപയോഗിക്കണമെങ്കില്‍ മൂക്കുപൊത്തേണ്ട അവസ്ഥയാണ്. ആയിരക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന തൊടുപുഴ കെ.എസ്.ആര്‍.ടി.സി.യിലെ ശൗചാലയത്തില്‍ കയറിയാല്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടും എന്നുള്ളതില്‍ സംശയമില്ല. കൊതുകു പരത്തുന്ന ഡെങ്കിപ്പനിയുടെ ഉറവിടമായി മാറിയിരിക്കുകയാണ് ഇവിടുത്തെ ശൗചാലയം.
ശൗചാലയം പൊട്ടിപ്പൊളിഞ്ഞ് മൂത്രമടങ്ങിയ മലിനജലം കെട്ടിക്കിടക്കുന്നു. ഈ വെള്ളത്തില്‍ ചവിട്ടിയാല്‍ കാലുകളില്‍ പരിക്കുള്ളവര്‍ക്ക് എലിപ്പനി പകരാനുള്ള സാധ്യത ഏറെയാണ്. മഴക്കാലം അടുത്തതോടെ ശൗചാലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് മുനിസിപ്പല്‍ ആരോഗ്യവിഭാഗം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിഞ്ഞമട്ടില്ല. ഉണ്ടായിരുന്ന ബള്‍ബ് ഫ്യൂസായതോടെ അത് മാറ്റിവയ്ക്കാനും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.
അതിനാല്‍ രാത്രി ഇരുട്ടിലാണ് കൃത്യം നിര്‍വഹിക്കേണ്ടത്. ദിവസവേതനക്കാരനായ ശുചീകരണത്തൊഴിലാളിയാണ് ഇതെല്ലാം വൃത്തിയാക്കേണ്ടതെങ്കിലും ശൗചാലയത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് ഗതാഗത വകുപ്പാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ സ്റ്റേഷനിലേക്ക് മാറാനൊരുങ്ങുന്നതിനാലും ഇത്തരത്തിലുള്ള ചെലവുകള്‍ അനാവശ്യമാണെന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ കണ്ടെത്തല്‍.
യാത്രക്കാരെക്കാളുപരി വനിതാ ജീവവക്കാരുള്‍പ്പെടെ നൂറോളം വരുന്ന ഈ ഡിപ്പോയിലെ ജീവനക്കാരുടെയും ആശ്രയം ഈ ശൗചാലയം തന്നെ. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനകള്‍ സജീവമാണെങ്കിലും പൊതുജനത്തിന്റെ ആരോഗ്യത്തെ സംബന്ധിക്കുന്ന ഈ ശൗചാലയ നവീകരണ പ്രശ്‌നം ഏറ്റെടുക്കാന്‍ ഇവരും മുന്നോട്ടു വരുന്നില്ലായെന്നുള്ളതില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് അമര്‍ഷമുണ്ട്. കുടിവെള്ളവും വേണ്ടത്ര ലഭ്യമല്ല. പാതിതകര്‍ന്ന ശൗചാലയം അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കണമെന്നാണ് യാത്രക്കാരുടേയും വനിതാ ജീവനക്കാരുടേയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."