നടപടിയുമായി നഗരസഭയും വെക്ടര്‍ കണ്ട്രോള് യൂനിറ്റും
തൊടുപുഴ: തൊടുപുഴ നഗരസഭാ പ്രദേശത്ത് കൊതുകുനിര്മാര്ജനത്തിന്റെ ഭാഗമായി നഗരസഭ ആരോഗ്യവിഭാഗവും ജില്ലാ ആശുപത്രി വെക്ടര്‍ കണ്ട്രോള് യൂനിറ്റും സംയുക്ത നടപടിക്കു തുടക്കം കുറിച്ചു.
കൊതുകു വളരാന്‍ സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണു തീരുമാനം.
പ്രാരംഭമായി ആശ, ജില്ലാ ആശുപത്രി ഉദ്യോഗസ്ഥര്‍, ജില്ലാ വെക്ടര്‍ കണ്ട്രോള് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വീടുകളിലും തോട്ടങ്ങളിലും പരിശോധന ആരംഭിച്ചു. കൊതുകു വളരുന്ന സാഹചര്യം കണ്ടെത്തിയ ഇടങ്ങളില്‍ ഉറവിട നശീകരണത്തിനു നിര്‍ദേശം നല്കി. നിര്‍ദേശം ലംഘിക്കുന്ന പക്ഷം ഇക്കൂട്ടര്‍ക്ക് നേരിട്ട് അറിയിപ്പും കൈമാറും. തോട്ടം ഉടമകള്‍, ലോഡ്ജ്, വീടുകള്‍ എന്നിവിടങ്ങളിലായി ഒമ്പതു പേര്‍ക്ക് ഇതിനകം അറിയിപ്പ് കൈമാറി. ഇവര്‍ക്കെതിരെ നഗരസഭയാണ് പിഴ അടക്കാനുള്ള നടപടി സ്വീകരിക്കുക.
വരും ദിവസങ്ങളിലും പരിശോധന തുടരും. ഓരോ പ്രദേശത്തെ റസിഡന്‍സ് അസോസിയേഷനുകള്‍ക്കും അതാതിടത്തെ കൊതുകുവളര്ച്ചാ സാഹചര്യം സംബന്ധിച്ച വിവിരം കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."