കണ്ഠമിടറി പള്ളിമിമ്പറുകള്‍ റമദാന് വിടചൊല്ലി; 27ാം രാവിനെ ധന്യമാക്കി വിശ്വാസികള്‍
കോഴിക്കോട്: റമദാനിന്റെ വിശുദ്ധ ദിനരാത്രങ്ങള്‍ പരിസമാപ്തിയിലേക്ക്. വിശ്വാസികള്‍ക്ക് പുണ്യങ്ങളുടെ പൂക്കാലം സമ്മാനിച്ച റമദാന് ഇന്നലെ പള്ളി മിമ്പറുകളില്‍ വിടനല്‍കി. ഈ വര്‍ഷത്തിലെ റമദാനിലെ അവസാന വെള്ളിയാഴ്ചയും ആയിരം മാസങ്ങളേക്കാള്‍ ഏറെ പുണ്യമുള്ള രാവെന്ന് വിശ്വസിക്കുന്ന ലൈലത്തുല്‍ ഖദ്‌റ് പ്രതീക്ഷിക്കുന്ന 27ാം രാവും ഒന്നിച്ചെത്തിയ ആത്മനിര്‍വൃതിയിലാണ് വിശ്വാസികള്‍.
റമദാനിന്റെ ശ്രേഷ്ഠത വിശദീകരിക്കുന്ന ഖുത്ബ (ജുമുഅ പ്രഭാഷണം) യാണ് ഇന്നലെ പള്ളികളില്‍ നിര്‍വഹിച്ചത്.
'അസലാമു അലൈക യാ ശഹ്‌റു റമദാന്‍' എന്നു ചൊല്ലി ഇമാമുമാര്‍ റമദാനിന് വിടനല്‍കിയപ്പോള്‍ പലരുടെയും കണ്ഠമിടറി. മിക്ക പള്ളികളിലും വിശ്വാസികള്‍ നേരത്തെ ജുമുഅ നിസ്‌കാരത്തിനെത്തിയിരുന്നു. പലയിടത്തും നിസ്‌കാര നിര പുറത്തേക്കും റോഡിലേക്കും നീണ്ടു. ജോലിയില്‍ നിന്ന് അവധിയെടുത്തും മറ്റും വിശ്വാസികള്‍ പകല്‍ ആരാധനകളില്‍ മുഴുകി. മരിച്ചുപോയ കുടുംബാംഗങ്ങളുടെ ഖബറിടങ്ങളില്‍ പ്രാര്‍ഥന നടത്താനും തിരക്കനുഭവപ്പെട്ടു. ജുമുഅ നിസ്‌കാരത്തിനു ശേഷവും മുന്‍പും ഖബര്‍സ്ഥാനില്‍ പ്രാര്‍ഥനക്ക് നിരവധി പേരെത്തി.
ഉച്ചയ്ക്ക് ശേഷം മതപ്രഭാഷണങ്ങളും നടന്നു. 27ാം രാവിനോടനുബന്ധിച്ച് നോമ്പുതുറ സ്‌പോണ്‍സര്‍ ചെയ്യാനും തിരക്കായിരുന്നു.
27ാം രാവിന്റെ രാത്രിയും വിശ്വാസികള്‍ ഭക്തിപൂര്‍വം വരവേറ്റു. രാത്രി നിസ്‌കാരമായ ഇശാഇന് ശേഷം പുലരും വരെ പള്ളികളില്‍ ഇഅ്തികാഫ് ഇരുന്നും ആരാധനകള്‍കൊണ്ടും വിശ്വാസികള്‍ കഴിച്ചുകൂട്ടി. റമദാനിലെ പ്രത്യേക നിസ്‌കാരമായ താറാവീഹ് 20 റക്അത്തിനു ശേഷം 11 റക്അത്ത് വിത്‌റ് നിസ്‌കാരവും പലയിടത്തും നടന്നു. തുടര്‍ന്ന് പാപമോചനത്തിനുള്ള തൗബ പ്രാര്‍ഥനയും ഖബര്‍ സന്ദര്‍ശനവും ദിക്‌റുകളും ചൊല്ലി നേരം പുലരുംവരെ വിശ്വാസികള്‍ പള്ളികളില്‍ കഴിച്ചുകൂട്ടി. രാത്രിയിലുള്ള ഖബര്‍ സന്ദര്‍ശനത്തിനും പ്രാര്‍ഥനക്കും ഖബര്‍സ്ഥാനില്‍ വെളിച്ചവും മറ്റും ഒരുക്കിയിരുന്നു.
തങ്ങളുടെ ജീവിതത്തില്‍ ഇനിയൊരു റമദാന്‍ ഉണ്ടാകുമോയെന്ന ആശങ്കയാണ് ഓരോ വിശ്വാസിക്കും. അസുലഭ അവസരങ്ങള്‍ പ്രാര്‍ഥനാ നിര്‍ഭരമാക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതും ഈ ചിന്തയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."