ജനവാസ കേന്ദ്രത്തില്‍ കള്ളുഷാപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍
വൈക്കം: ജനവാസ കേന്ദ്രത്തിനടുത്തു കള്ളുഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍. നേരത്തെ അഞ്ചിടങ്ങളില്‍ മാറ്റിസ്ഥാപിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതിനുശേഷം ഹരിജന്‍കോളനിക്ക് അടുത്തേക്കു മാറ്റാനാണു നീക്കം. ഇതിനെതിരെ നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ചു എക്‌സൈസ് അധികൃതര്‍ പരാതി നല്‍കി.
വൈക്കം പെരിഞ്ചിലേല്‍ കലുങ്കിലായിരുന്നു ഷാപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് ജനവാസ കേന്ദ്രമായ ഉദയനാപുരം പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലെ ഹരിജന്‍ കോളനിയ്ക്കു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ഷാപ്പ് സ്ഥാപിക്കാന്‍ എക്‌സൈസ് അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു. കോഴിഫാം സ്ഥാപിക്കാനെന്ന പേരിലാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. എന്നാല്‍, കഴിഞ്ഞ ദിവസം നാട്ടുകാര്‍ വിശദമായി അന്വേഷിച്ചപ്പോഴാണ് ഇവിടെ ഷാപ്പാണു വരാന്‍ പോകുന്നതെന്നു വ്യക്തമായി.
തുടര്‍ന്നാണു നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ചു പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്നലെ രാവിലെ പ്രതിഷേധത്തിന്റെ ഭാഗമായി വീട്ടമ്മമാര്‍ അടക്കമുള്ളവര്‍ ഷാപ്പിനു മുന്നിലെത്തിയിരുന്നു. തുടര്‍ന്നു നാട്ടുകാര്‍ എക്‌സൈസ് ഓഫിസിലും, വിവിധ സര്‍ക്കാര്‍ ഓഫിസുകളിലും എത്തി പരാതി നല്‍കി. ഷാപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പ്രചാരണവും ഒപ്പു ശേഖരണവും ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തു നിന്നു കള്ളുഷാപ്പ് മാറ്റിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുന്നതിനാണ് നാട്ടുകാരുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."