ഡി.സി.സി സെക്രട്ടറിമാരെ നേതൃത്വത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ വിമതരുടെ പടയൊരുക്കം
കുന്നംകുളം: കുന്നംകുളത്ത് കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗങ്ങള്‍ ചരിത്രത്തിലെങ്ങും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് നടക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പും ഗ്രൂപ്പിനുള്ളില്‍ മറ്റൊരു ഗ്രൂപ്പും അതില്‍ നിന്നും മറ്റൊരു ഗ്രൂപ്പു യോഗങ്ങളുമൊക്കെയായി നിലവില്‍ നിരന്തരം ഗ്രൂപ്പ് യോഗങ്ങള്‍ സജീവമാവുകയാണ്.
എ ഗ്രൂപ്പിനുള്ളില്‍ കുന്നംകുളത്തും, എരുമപ്പെട്ടിയിലും വ്യത്യസ്തമായ ഗ്രൂപ്പ് യോഗങ്ങള്‍ കഴിഞ്ഞു. നാളെ മറ്റൊരു ഗ്രൂപ്പ് യോഗം കൂടി നടക്കാനിരിക്കെ ഐ ഗ്രൂപ്പിന്റെ പരസ്യ ഗ്രൂപ്പ് യോഗം നഗരത്തിലെ പ്രമുഖ ഓഡിറ്റോറിയത്തില്‍ നടക്കാനിരിക്കുകയാണ്. ഇതിനിടയില്‍ പാര്‍ട്ടിക്കു പുറത്താണെങ്കിലും ശക്തമായ വിമതരുടെ നേതൃത്വത്തില്‍ മറ്റൊരു യോഗം നാളെ തന്നെ നഗരത്തില്‍ നടക്കും. നഗരത്തിലെ ഈ ഗ്രൂപ്പ് തര്‍ക്കം മൂലം പാര്‍ട്ടി പരിപാടികള്‍ പോലും നടത്താനാകാത്ത സ്ഥിതി വിശേഷമാണ്. ആലോചിച്ച പല പരിപാടികളും നടത്താനാകാതെ നേതാക്കള്‍ മാത്രമായി ചുരുങ്ങിയതും സമീപ കാലത്ത് കണ്ട കാഴ്ചയാണ്.
പതിറ്റാണ്ടുകളായി പാര്‍ട്ടിയുടേയും ഒപ്പം ഗ്രൂപ്പിന്റേയും ചുക്കാന്‍ പിടിക്കുന്ന ബാബു ഇട്ടിമാത്തു സഖ്യത്തെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തുക എന്ന അടവാണ് വിമതരുടെ നേതൃത്വത്തില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം കാര്‍ഷിക സഹകരണ ബാങ്കില്‍ ഭരണസമിതി ഇരു നേതാക്കള്‍ക്കുമെതിരേ തിരിഞ്ഞതും ഇവരുടെ സംഘാംഗമായ ആര്‍ത്താറ്റ് മണ്ഡലം പ്രസിഡന്റിനെ ബാങ്കിലിട്ട് മര്‍ദിച്ചതും ഇതിന്റെ ഉദാഹരണമാണ്. നഗരത്തിലെ പാര്‍ട്ടിയുടെ നേതൃത്വം കയ്യാളുന്ന ഇരു നേതാക്കളും ചേര്‍ന്ന് നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ തോറ്റെന്നു മാത്രമല്ല, 20 വോട്ടുകള്‍ മാത്രമാണ് ലഭിച്ചതെന്നതിനാല്‍ ഇവരുടെ നേതൃത്വത്തെ അണികള്‍ വിശ്വസിക്കുന്നില്ലെന്നതിന്റെ തെളിവായാണ് മറു വിഭാഗം ചൂണ്ടികാട്ടുന്നത്.
ഈ തെരഞ്ഞെടുപ്പ് ഫലം മുന്‍നിര്‍ത്തിയാണ് ഡി.സി.സി സെക്രട്ടറിമാരായ ഇരുവര്‍ക്കുമെതിരേ ജന പിന്തുണയില്ലെന്ന് ജില്ലാ ഘടകത്തെ ബോധ്യപെടുത്താന്‍ വിമതര്‍ ശ്രമിക്കുന്നത്. വിമതര്‍ക്കൊപ്പം പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗത്തില്‍ നിന്നും പ്രമുഖരായ ചിലര്‍ ഈ വിഷയം പ്രസിഡന്റ് ടി.എന്‍ പ്രാതപന് മുന്നില്‍ എത്തിച്ചതായാണ് വിവരം.
മര്‍ദിച്ചവരെ തിരിച്ച് തല്ലാന്‍ ബാങ്ക് ഭരണ സമിതിക്ക് പാര്‍ട്ടി തലത്തില്‍ നിന്നു തന്നെ നിര്‍ദേശം ലഭിച്ചുവെന്നും പറയുന്നു. മാത്രമല്ല കെ.സി ബാബുവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങാന്‍ ജില്ലാ കമ്മിറ്റി തന്നെ നിര്‍ദേശം നല്‍കിയതും ഇതിന്റെ ഭാഗമായാണെന്നാണ് പറയുന്നത്. ശനിയാഴ്ച നഗരസഭ വിമത കൗണ്‍സിലര്‍മാരെ ടി.എന്‍ പ്രതാപന്‍ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ സംഘബലം മുഴുവന്‍ വിമതരായി മാറുന്നത് നേതൃത്വത്തിന്റെ കഴിവുകേടായി തന്നെയാണ് ജില്ലാ കമ്മിറ്റി കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."