വിള സംഭരണത്തിനും താങ്ങുവില നിശ്ചയിക്കുന്നതിനും പുതിയ പദ്ധതി
ന്യൂഡല്‍ഹി: കാര്‍ഷികവിളകളുടെ സംഭരണത്തിനും മിനിമം താങ്ങുവില നിശ്ചയിക്കുന്നതിനും പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കി. ധാന്യവിളകളും എണ്ണക്കുരുക്കളും സംഭരിക്കുന്നതിനും കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുമായി അന്നദാദാ മൗല്യ സംരക്ഷണ്‍ അഭിയാന്‍ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. താങ്ങുവില പദ്ധതി (പി.എസ്.എസ്), വിലകമ്മി ഒടുക്കല്‍ പദ്ധതി (പി.ഡി.പി.എസ്), സ്വകാര്യ ശേഖരണ സംഭരണ പദ്ധതി(പി.പി.പി.എസ്) തുടങ്ങിയവയെല്ലാം ഒറ്റ കുടക്കീഴില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പദ്ധതി വരുന്നത്. മറ്റു വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന ഭക്ഷ്യപൊതുവിതരണ പദ്ധതിയുള്‍പ്പടെയുള്ള പദ്ധതികള്‍ക്കും ഇതിലൂടെ താങ്ങുവില ഉറപ്പാക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
പദ്ധതിക്ക് അധികഗാരണ്ടിയായി 16,550 കോടി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 22 ധാന്യങ്ങള്‍ക്കാണു താങ്ങുവില പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ധാന്യങ്ങളും എണ്ണക്കുരുക്കളും സംഭരിക്കുന്നതിന് സ്വകാര്യമേഖലയ്ക്ക് അനുമതി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയ്ക്ക് പരീക്ഷണാടിസ്ഥാനത്തിലാകും ഇതു നടത്തുക. സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ സ്വകാര്യസംരംഭകരെ പങ്കാളികളാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."