കേരളത്തില്‍ ബി.ജെ.പിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മുരളീധരനിലേക്ക്
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി വി. മുരളീധരന്‍ സ്ഥാനമേറ്റതോടെ കേരളത്തിലെ ബി.ജെ.പി ഘടകത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ മാറ്റം വരും. മുരളീധരനെ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പ് സംസ്ഥാനത്ത് കൂടുതല്‍ ശക്തി പ്രാപിക്കുന്നതിലേക്കാകും കാര്യങ്ങള്‍ എത്തുക.
നിലവില്‍ പി.കെ കൃഷ്ണദാസ് പക്ഷവും സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയെ കേന്ദ്രീകരിച്ച് മറ്റൊരു ഗ്രൂപ്പ് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പാര്‍ട്ടി സംവിധാനങ്ങളില്‍ ഏറിയ പങ്കും മറ്റു ഗ്രൂപ്പുകളുടെ കൈയിലായിരുന്നതിനാല്‍ തന്നെ മുരളീധര പക്ഷത്തിന് ക്ഷീണമുണ്ടായിരുന്നു. ഇപ്പോള്‍ മുരളീധരന് മന്ത്രിസ്ഥാനം ലഭിച്ചതോടെ കരുത്ത് വീണ്ടെടുത്ത ഗ്രൂപ്പ് വരുംദിവസങ്ങളില്‍ ബി.ജെ.പിയില്‍ കൂടുതല്‍ ശക്തി പ്രാപിക്കും. ഇതോടെ സംസ്ഥാന ഘടകത്തിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുകയും ചെയ്യും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍പോലും ജയിക്കാനാകാത്ത സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ശ്രീധരന്‍ പിള്ള മാറണമെന്ന അഭിപ്രായമുണ്ട്.
മാത്രമല്ല കേന്ദ്ര നേതൃത്വത്തിന് എതിര്‍ ഗ്രൂപ്പുകള്‍ തെരഞ്ഞെടുപ്പിനു മുന്‍പ് ശ്രീധരന്‍ പിള്ളക്കെതിരേ നല്‍കിയ പരാതികളും ഉണ്ട്. തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ തീരുമാനിക്കുന്നതായി കാണിച്ചായിരുന്നു അന്ന് ശ്രീധരന്‍ പിള്ളക്കെതിരേ പരാതിയുണ്ടായത്. സംസ്ഥാനത്ത് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് അധ്യക്ഷന്‍ മാറണമെന്നതാണ് ബി.ജെ.പിക്കുള്ളിലെ പൊതുവികാരം.
അതുകൊണ്ട് കേന്ദ്ര മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായതിനുശേഷം പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന നടപടികളിലേക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം കടക്കും.
ശ്രീധരന്‍ പിള്ളക്ക് കേന്ദ്രത്തില്‍ ഏതെങ്കിലും പദവി നല്‍കിയ ശേഷം പുതിയ അധ്യക്ഷനെ തീരുമാനിക്കാനാണ് സാധ്യത. ചിലപ്പോള്‍ കുമ്മനം രാജശേഖരന്‍ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."