മൂന്ന് വര്‍ഷമായിട്ടും ജലനിധി പദ്ധതിക്കായി റോഡുകള്‍ കുത്തിപ്പൊളിക്കല്‍ തുടരുന്നു
മാള: ജലനിധി പദ്ധതിക്കായി റോഡുകള്‍ കുത്തിപ്പൊളിക്കുന്നത് തുടങ്ങിയിട്ട് മൂന്നു വര്‍ഷത്തിലധികമായിട്ടും ഈ പ്രവണത തുടരുന്നു. റോഡുകള്‍ വ്യാപകമായി കുത്തിപ്പൊളിക്കുന്ന പ്രവണതക്കെതിരേ പ്രതിഷേധം ശക്തമാണ്.
ടാറിങ് നടത്തിയതിന് പിന്നാലെയുള്ള റോഡ് കുത്തിപ്പൊളിക്കലും പതിവാണ്. പുതിയ പൈപ്പിടാനും നേരത്തെയിട്ട പൈപ്പുകള്‍ മാറ്റാനായും പൈപ്പ് പൊട്ടി ജലം ശക്തിയോടെ പുറത്തേക്ക് തള്ളുന്നയിടത്തെല്ലാം റോഡ് കുത്തിപ്പൊളിക്കുന്നുണ്ട്. മാള യഹൂദ ശ്മശാനത്തിന് സമീപത്ത് നിന്നും മാള ടൗണ്‍ വരെയുള്ള റോഡ് കുത്തിപ്പൊളിക്കല്‍ തുടങ്ങിയത് കഴിഞ്ഞ ദിവസമാണ്.
വീതി വളരെ കുറവുള്ള ഈ ഭാഗത്തെ പൊളിക്കല്‍ വാഹന ഗതാഗതത്തിനും വളരെയേറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ടൗണിലേക്കുള്ള വെള്ളമെത്തിക്കാനാണീ പൊളിക്കലെന്നാണ് ന്യായീകരണം. പൈപ്പിടല്‍ കഴിഞ്ഞ എരവത്തൂര്‍ ചിറപ്പാലത്തിന് സമീപം ജെ.സി.ബി ഉപയോഗിച്ച് വലിയ കുഴിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ മേഖലയിലെ എല്ലാ ഭാഗത്തും റോഡുകള്‍ കുത്തിപ്പൊളിക്കുന്ന പ്രവണത തുടരുകയാണ്.
ജലനിധിക്കായി കുത്തിപ്പൊളിച്ച റോഡുകള്‍ ജലനിധി തന്നെ നന്നാക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. ജലനിധിയുടെ ചെറിയ വര്‍ക്കുകള്‍ കരാറുകാര്‍ ഏറ്റെടുക്കാത്ത സാഹചര്യമാണുള്ളത്.
പൊളിച്ച റോഡുകളുടെ നിര്‍മാണം അനന്തമായി നീളാന്‍ ഇത് കാരണമാകുന്നുണ്ട്. ജലനിധി പൊളിച്ച റോഡ് നന്നാക്കുന്നതിനുള്ള ഫണ്ട് പൊതുമരാമത്ത് വകുപ്പിന് തന്നെ നല്‍കി ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളില്ലാത്തതിനാല്‍ പല റോഡുകളുടെയും നിര്‍മാണം അനിശ്ചിതമായി നീളുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."