പിണറായി കൂട്ടക്കൊലക്കേസില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു
തലശ്ശേരി: മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ പിണറായി പടന്നക്കരയിലെ വണ്ണത്താന്‍വീട്ടില്‍ സൗമ്യക്കെതിരേ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു. സൗമ്യയുടെ ഫോണ്‍ വിളികളുടെ വിവരങ്ങളും ഡയറിക്കുറിപ്പുകളും എഫ്.ഐ.ആറിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അടങ്ങിയ കുറ്റപത്രമാണ് അന്വേഷണച്ചുമതലയുള്ള സി.ഐ എം.പി ആസാദ് അഡിഷണല്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
സൗമ്യയുടെ ഫോണ്‍വിളികളുടെ വിശദവിവരങ്ങള്‍ നേരത്തേ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടുഘട്ടമായി സമര്‍പ്പിച്ച മൂന്നു കുറ്റപത്രവും കോടതി ഫയലില്‍ സ്വീകരിച്ചിരുന്നില്ല. തന്നിഷ്ടപ്രകാരം ജീവിക്കാന്‍ സൗമ്യ തനിച്ചാണു കുറ്റം ചെയ്തതെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും കാര്യകാരണങ്ങള്‍ നിരത്തി സമര്‍പ്പിച്ച കുറ്റപത്രമാണ് ന്യൂനതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തേ മടക്കിയത്.
അതിനിടെ, കേസിലെ ഏക പ്രതിയായ സൗമ്യയുടെ മരണം ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 24നാണ് സൗമ്യയെ വനിതാ ജയിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തിയതായും ജയില്‍ അധികൃതര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാതാപിതാക്കളായ പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍ (76), കമല (65), മകള്‍ ഐശ്വര്യ (എട്ട്) എന്നിവരെ എലിവിഷം കലര്‍ത്തിയ ഭക്ഷണം കൊടുത്ത് കൊലപ്പെടുത്തിയെന്നായിരുന്നു സൗമ്യക്കെതിരായ കുറ്റം.
കേസ് സംബന്ധിച്ച് ബന്ധുക്കളും നാട്ടുകാരും തുടരന്വേഷണം ആവശ്യപ്പെട്ടതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."