ശബരിമലയും ന്യൂനപക്ഷവും സി.പി.എമ്മിനെ ചതിച്ചു
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത ആഘാതത്തിന്റെ കാരണം കണ്ടെത്തി ആവശ്യമായ തിരുത്തലുകള്‍ക്കു പാര്‍ട്ടി തയാറാകണമെന്നു സി.പി.എം സംസ്ഥാന സമിതിയില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നടപടി ഭരണഘടനാപരമായി ശരിയായിരുന്നെങ്കിലും വിശ്വാസി സമൂഹത്തെ അത് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയും സര്‍ക്കാരും വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന പ്രതീതി ഇതുമൂലം ഉണ്ടായി. ന്യൂനപക്ഷങ്ങള്‍ പൊതുവേ യു.ഡി.എഫ് അനുകൂല നിലപാട് കൈക്കൊള്ളുന്നവരാണ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സമുദായവും മുന്നണിയെ കൈവിട്ടു. അതുകൊണ്ടാണു യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം അത്ഭുതകരമായി വര്‍ധിച്ചതെന്നും ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പുനര്‍ചിന്തനം നടത്തേണ്ടതുണ്ടോയെന്നു നേതൃത്വം പരിശോധിക്കണമെന്നും സി.പി.എം സംസ്ഥാന സമിതിയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. ഈ റിപ്പോര്‍ട്ടിന്മേലാണു സംസ്ഥാന സമിതിയില്‍ ചര്‍ച്ച നടന്നത്. ന്യൂനപക്ഷ സമുദായങ്ങളുടെ ഏകീകരണമാണു തെരഞ്ഞെടുപ്പു തോല്‍വിയുടെ പ്രധാനകാരണമെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കണ്ടെത്തല്‍ പൂര്‍ണമായും ശരിയല്ലെന്ന വിലയിരുത്തലാണു സംസ്ഥാന സമിതിയില്‍ ഉണ്ടായത്.
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, തൃശൂര്‍ ജില്ലാ കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ശബരിമല വിഷയം തോല്‍വിക്കു കാരണമായിട്ടുണ്ടെന്നു പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് സി.പി.ഐ സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടതും ഉറച്ച മണ്ഡലമായ ആറ്റിങ്ങലില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെട്ടതും ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ട് നഷ്ടപ്പെട്ടതുകൊണ്ടാണെന്നു വ്യക്തമായി പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടില്‍ ഈ പരാമര്‍ശം ജില്ലാ കമ്മിറ്റിയുടെ പുതിയ കണ്ടെത്തലെന്നായിരുന്നു വ്യാഖ്യാനം.
സി.പി.ഐ സ്ഥാനാര്‍ഥികളാണു മത്സരിച്ചതെങ്കിലും കഴിഞ്ഞ രണ്ടുതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തേയ്ക്കു പോയതു സംഘടനാപരമായി ജില്ലാ കമ്മിറ്റി പരിശോധിക്കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരത്തുനിന്നും ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത നേതാവ് ശബരിമല വിഷയം തോല്‍വിയ്ക്കു കാരണമായിട്ടുണ്ടെന്ന അഭിപ്രായമാണ് പറഞ്ഞത്. ഉറച്ച സീറ്റുകള്‍ പോലും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായതു പാര്‍ട്ടി ഗൗരവമായി പഠിക്കണമെന്നുള്ള അഭിപ്രായമാണു പൊതുവേ സംസ്ഥാന സമിതിയില്‍ ഉണ്ടായത്. അടുത്ത രണ്ടുവര്‍ഷത്തിനിടയില്‍ തദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ഇനി പാര്‍ട്ടിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ചൂണ്ടിക്കാണിക്കപ്പെടുന്ന പോരായ്മകള്‍ പരിശോധിച്ചു സര്‍ക്കാരും പാര്‍ട്ടിയും മുന്നോട്ടു പോയാല്‍ മാത്രമേ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ജയിക്കാനാകൂ.
തെറ്റുണ്ടായാല്‍ തിരുത്തുമെന്നു പറയാന്‍ എന്തിനാണു നേതാക്കള്‍ ഭയപ്പെടുന്നതെന്നായിരുന്നു വയനാട്ടില്‍ നിന്നുള്ള നേതാവിന്റെ ചോദ്യം. പല മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളെപ്പോലും ഞെട്ടിച്ചുകൊണ്ടുള്ള ഭൂരിപക്ഷം അവര്‍ക്കു ലഭിച്ചതിനു പിന്നില്‍ വിശ്വാസം തന്നെയായിരുന്നൂവെന്നും അതിനിയെങ്കിലും പാര്‍ട്ടി മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘടനാ ദൗര്‍ബല്യം ഏതെങ്കിലും മണ്ഡലത്തില്‍ തോല്‍വിയ്ക്കു കാരണമായെന്ന അഭിപ്രായം സംസ്ഥാന സമിതിയിലോ കോടിയേരിയുടെ റിപ്പോര്‍ട്ടിലോ ഉണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."