നടക്കുന്നത് സംവരണ അട്ടിമറിയെന്ന്, സുപ്രിംകോടതി വിധി വരും വരെ മുന്നാക്ക സംവരണം നിര്‍ത്തിവയ്ക്കണമെന്നാവശ്യം
മലപ്പുറം: സംസ്ഥാനത്ത് നടക്കുന്നത് സംവരണ അട്ടിമറിയാണെന്നും സുപ്രിംകോടതി വിധി വരുന്നതു വരെ മുന്നാക്ക സംവരണം നിര്‍ത്തിവയ്ക്കണമെന്നും സംവരണ സമുദായ മുന്നണി നേതാക്കളായ കെ. കുട്ടി അഹമ്മദ്കുട്ടിയും അഡ്വ. എന്‍.സൂപ്പിയും. പിന്നാക്ക, ദലിത് വിഭാഗങ്ങളുടെ സംവരണ തോത് ഉയര്‍ത്താന്‍ നടപടി വേണമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പാവപ്പെട്ടവര്‍ക്കു നടപ്പിലാക്കുന്ന സംവരണം എല്ലാ സമുദായത്തിലെയും പിന്നാക്കക്കാര്‍ക്കു കൂടി നല്‍കുന്നതാവണം. അശാസ്ത്രീയമായ സംവരണ സംവിധാനം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത് തടയണമെന്ന ഹരജിയില്‍ സുപ്രിംകോടതിയില്‍ നിന്ന് വിധി വരുന്നതിനു മുന്‍പ് ധൃതിപ്പെട്ട് ഉദ്യോഗ, വിദ്യാഭ്യാസ രംഗങ്ങളില്‍ തെറ്റായ രീതിയിലും പിന്നാക്കക്കാരെ കബളിപ്പിച്ചും എല്ലാ തലങ്ങളിലും 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഉത്തരവു പുറപ്പെടുവിച്ചിരിക്കുകയാണ് സംസ്ഥാ സര്‍ക്കാര്‍.
മെറിറ്റ് സീറ്റില്‍ പരമാവധി 10ശതമാനം വരെ മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ചെയ്യണമെന്നാണ് ഭരണഘടനാ ഭേദഗതിയിലും ശശിധരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലും പറയുന്നത്. എല്ലാ നിയമനങ്ങളിലും 50ശതമാനം മെറിറ്റ് സീറ്റും 50ശതമാനം സംവരണ സീറ്റുമാണ്. 50 ശതമാനം മെറിറ്റ് സീറ്റിന്റെ 10ശതമാനമെന്നാല്‍ അഞ്ചു സീറ്റുകള്‍ മാത്രമേ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കാന്‍ പാടുള്ളൂ. എന്നാല്‍ അതിനു പകരം 100 ശതമാനം സീറ്റിന്റെയും 10 ശതമാനം എന്ന കണക്കില്‍ നൂറില്‍ 10 സീറ്റുകള്‍ അവര്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. തീര്‍ത്തും പിന്നാക്ക, ദലിത് വിരുദ്ധ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പ്ലസ്ടുവിന്റെ അലോട്ട്‌മെന്റിലും നീതിനിഷേധം പ്രകടമാണ്. അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ അവകാശപ്പെട്ടതിന്റെ ഇരട്ടി സീറ്റിലേക്ക് അലോട്ട്‌മെന്റ് നടത്തിയിരിക്കുകയാണ്. എന്നാല്‍ അതില്‍ പകുതിയിലധികം സീറ്റുകളും ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. ഇതുമൂലം പിന്നാക്ക, ദലിത് വിഭാഗങ്ങളിലെ നിരവധി വിദ്യാര്‍ഥികള്‍ക്കാണ് സീറ്റ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. പി.എസ്.സി നിയമനങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിയമനങ്ങളിലും അശാസ്ത്രീയമായ നീക്കമാണ് നടത്താന്‍ പോകുന്നത്. പി.എസ്.സി നിയമനങ്ങളില്‍ നിലവിലുള്ള റൊട്ടേഷന്‍ മാറ്റാന്‍ പോകുന്നത് പ്രതിഷേധാര്‍ഹമാണ്. നീതിക്കു നിരക്കാത്ത നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."