യുവതിയെ പീഡിപ്പിച്ച സംഭവം; പൊലിസ് അന്വേഷണം ആരംഭിച്ചു
പാറശാല: പ്ലാമൂട്ടുക്കട സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവിനെതിരേ അന്വേഷണം നടത്താനെത്തിയ പൊഴിയൂര്‍ സ്റ്റേഷനിലെ രണ്ട് പൊലിസുകാര്‍ ഉള്‍പ്പെട്ട ലൈംഗീക പീഡന കേസില്‍ അന്വേഷണം ആരംഭിച്ചു.
ദക്ഷിണ മേഖല ഐ.ജി മനോജ് അബ്രഹാമിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം യുവതിയുടെ വീട്ടിലെത്തി മൊഴി എടുത്തു.
ഡിവൈ.എസ്.പി, സി.ഐ , രണ്ട് വനിത സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘത്തിനാണ് അന്വേഷണ ചുമതല. പാറശാല സി.ഐ യുടെ കീഴിലുള്ള പൊലിസുകാര്ക്കെതിരെയാണ് യുവതി പരാതി ഉന്നയിച്ചിരിക്കുന്നത്.
ഇവരെ സംരക്ഷിക്കുന്നതായി കാണിച്ച് യുവതി പാറശാല സി.ഐയ്ക്കെതിരേ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
പൊഴിയൂര്‍ സ്റ്റേഷനില്‍ യുവതി പരാതിയുമായി പോയതറിഞ്ഞ് പാറശാല സി.ഐ വീട്ടിലെത്തി മര്‍ദ്ദിച്ചുവെന്നും ഭര്‍ത്താവിനെ കടത്തിക്കൊണ്ടുപോയെന്നും പരാതിയില്‍ പറയുന്നു.
അതേസമയം കുറ്റാരോപിതരായ പൊലിസുകാര്‍ യുവതിയുടെ വീടിന്റെ പരിധിയിലുള്ള സ്റ്റേഷനുകളില്‍ ജോലി ചേയ്യുന്നത് കേസിന്റെ അന്വേഷണത്തെ അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ടവരെ ജില്ലയ്ക്ക് പുറത്തേയ്ക്ക് മാറ്റി നിര്‍ത്തണമെന്ന് യുവതിയുടെ മാതാവ് കടൈവിള നല്ലൂര്‍വട്ടം സ്വദേശിനി മുഖ്യമന്ത്രിക്ക് പരാതി നല്കി.
ഈ ആവശ്യം യുവതിയും അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടു.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പൊലിസുകാരെ മാറ്റി നിര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
നെയ്യാറ്റിന്‍കര വനിതാഹെല്‍പ്പ് ലൈനിലെ ഒരു വനിതാ സബ് ഇന്‍സ്പെക്ടറും യുവതിയുടെ അയല്‍വാസിക്ക് അനുകൂലമായി അധികാര ദുര്‍വിനിയോഗം നടത്തുന്നതായി യുവതിയുടെ മാതാവിന്റെ പരാതിയില്‍ ഉണ്ട്.
ലൈംഗീക അതിക്രമത്തിനിരയായ യുവതി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ വൂണ്ട് സര്‍ട്ടിഫിക്കറ്റുമായാണ് അധികൃതരെ സമീപിച്ചിട്ടുള്ളത്.
ഏപ്രില്‍ 28ന് വൈകിട്ട് ആണ് യുവതി പീഡനത്തിന് ഇരയായതായി പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."