സി.എ.എ അജന്‍ഡ പുറത്തെടുത്ത് സംഘ് പരിവാര്‍: സമരപോര്‍ക്കളത്തിലേക്ക് വീണ്ടും രാജ്യം
ന്യുഡല്‍ഹി: കൊവിഡായതിനാല്‍ മാത്രം മാറ്റിവെച്ച സി.എ.എ നടപ്പാക്കാന്‍ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും കച്ച മുറുക്കുന്നു. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ റാലിയില്‍ സംസാരിക്കവേയാണ് ബി.ജെ.പി അധ്യക്ഷന്‍ സി.എ.എയെ വീണ്ടും പുറത്തെടുത്ത് നയം വ്യക്തമാക്കിയത്. അണിയറയില്‍ ചുട്ടെടുത്ത നിയമത്തെക്കുറിച്ചും അതു നടപ്പാക്കാന്‍ ഇനി വൈകില്ലെന്നും അദ്ദേഹം മുന്നറിയിപ്പും നല്‍കി.
പാര്‍ട്ടി സി.എ.എ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും എല്ലാവര്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നും നദ്ദ യോഗത്തില്‍ അവകാശപ്പെട്ടു.
സി.എ.എ നടപ്പാക്കുന്നത് വൈകിയത് കോവിഡായതിനാലാണെന്നും നദ്ദ ഓര്‍മിപ്പിച്ചു. ഇതിനെതിരേ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ശക്തമായ ഭാഷയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മോയ്ത്ര ഇതിനോട് പ്രതികരിച്ചത്.
സി.എ.എ നടപ്പാക്കും മുമ്പ് നിങ്ങള്‍ക്ക് അധികാരത്തില്‍ നിന്ന് പുറത്തേക്കുള്ള വഴി ഞങ്ങള്‍ കാണിച്ചുതരാമെന്നാണ് ജെ.പി നദ്ദയോട് തൃണമൂല്‍ എം.പി മഹുവ മോയ്ത്രയുടെ പ്രതികരണം.
പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയുടെ പ്രസ്താവനയോട് ട്വിറ്ററിലാണ് മഹുവ മോയ്ത്രയുടെ പ്രതികരണം. 'നദ്ദ പറയുന്നു സി.എ.എ നടപ്പാക്കുമെന്ന്. ഞങ്ങളുടെ രേഖകള്‍ നിങ്ങളെ കാണിക്കുന്നതിനുമുമ്പ് നിങ്ങള്‍ക്ക് പുറത്തേക്കുള്ള വാതില്‍ ഞങ്ങള്‍ കാണിച്ചുതന്നിരിക്കും'-അവര്‍ ട്വിറ്ററില്‍ കുറിച്ചു.
തിരഞ്ഞെടുപ്പിനു മുമ്പുതന്നെ സി.എ.എ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അജന്‍ഡക്കെതിരേ രൂക്ഷമായ പ്രതിഷേധം ഉണ്ടാകുമെന്നുറപ്പാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വീണ്ടും സമരഘോഷങ്ങള്‍ ഉയരുന്ന സാഹചര്യം വിദൂരത്തല്ലെന്നുതന്നെയാണ് ഇത് കാണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."