എസ്.എസ്.എല്‍.സി; കുട്ടിപ്പൊലിസിന് നൂറില്‍ നൂറ്
മാനന്തവാടി: ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ കുട്ടിപ്പൊലിസിന് നൂറില്‍ നൂറ്. പരീക്ഷ എഴുതിയ മുഴുവന്‍ എസ്.പി.സി.എ കേഡറ്റുകളും വിജയിച്ചിട്ടുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ഥികളെ കഴിവും ഉത്തരവാദിത്ത ബോധവുമുള്ള ഉത്തമ പൗരന്‍മാരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ് പദ്ധതി നടപ്പാക്കിയത്.
2010ലാണ് ജില്ലയില്‍ എസ്.പി.സി.എ ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലായിരുന്നു പദ്ധതി നടപ്പിലാക്കിയത്. നിലവില്‍ അഞ്ച് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, രണ്ട് എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പെടെ 27 സ്‌കൂളുകളില്‍ എസ്.പി.സി.എ സജീവമാണ്. ജില്ലയില്‍ 710 എസ്.പി.സി കേഡറ്റുകളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതില്‍ 36 കുട്ടികളും മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസും നേടിയിട്ടുണ്ട്. ആദിവാസി വിഭാഗത്തില്‍ 172 പേര്‍ പരീക്ഷ എഴുതി മുഴുവന്‍ പേരും വിജയിച്ചത് ശ്രദ്ധേയമായ നേട്ടമായി.
ഇതില്‍ 11 കുട്ടികള്‍ 9 വിഷയങ്ങളില്‍ എ പ്ലസും കരസ്ഥമാക്കി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളൂകളില്‍ എസ്.സി എസ് ടി വകുപ്പുകളുടെ ധനസഹായത്തോടെയാണ് എസ്.പി.സി പദ്ധതി നടപ്പിലാക്കി വരുന്നത്.
സ്‌കൂളുകളില്‍ എസ്.പി.സി കേഡറ്റുകളുടെ അനുപാതം മൊത്തം വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ 15 ശതമാനം മാത്രമാണ്. കുട്ടികളില്‍ ആത്മവിശ്വാസവും ലക്ഷ്യബോധവും കായിക ക്ഷമതയും ഉറപ്പ് വരുത്തുന്നതില്‍ എസ്.പി.സി വിജയിച്ചതിന്റെ ഉദാഹരണമാണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം.
വിവിധ സംഘടനകള്‍ എസ്.പി.സിയെ കുറിച്ച് നടത്തിയ സ്വതന്ത്ര അവലോകനങ്ങളും പഠനങ്ങളും കുട്ടികളിലും രക്ഷിതാക്കളിലും അധ്യാപകരിലും പൊലിസ് സേനാംഗങ്ങളിലും ഉണ്ടാക്കിയ ഗുണപരമായ മാറ്റങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."