സിസിലി മൈക്കിളിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും
കമ്പളക്കാട്: ഏപ്രില്‍ 24ന് സഊദിയിലെ ഹായില്‍ കിങ്ഖാലിദ് ആശുപത്രിയില്‍ മരണമടഞ്ഞ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മുന്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിസിലി മൈക്കിളിന്റെ മൃതദേഹം ഇന്ന് വൈകിട്ട് 4.30ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിക്കും.
ബന്ധുക്കള്‍ ഏറ്റുവാങ്ങുന്ന മൃതദേഹം നാളെ രാവിലെ എട്ടിന് പള്ളിക്കുന്ന് ലൂര്‍ദ്മാതാ ദേവാലയ പരിസരത്തുള്ള ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം 9.30ന് ലൂര്‍ദ്മാതാ സെമിത്തേരിയില്‍ സംസ്‌കരിക്കും. 2017 ജനുവരി ആദ്യത്തിലാണ് നഴ്‌സറി കുട്ടികളെ പരിചരിക്കുന്നതിന് 2500 റിയാല്‍ ശമ്പളം വാഗ്ദാനം നല്‍കി സിസിലിയെയും പരിസരത്തുള്ള മറ്റ് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 10ഓളം പേരെ ഡല്‍ഹി-ദുബായ് വഴി സഊദി അറേബ്യയില്‍ എത്തിച്ചത്. എന്നാല്‍ ഏജന്റുമാര്‍ പറഞ്ഞ ജോലി നല്‍കിയില്ലെന്ന് മാത്രമല്ല മാനസികരോഗിയായ വീട്ടമ്മയെ പരിചരിക്കുന്നതിനുള്ള ജോലിയാണ് സിസിലിക്ക് നല്‍കിയത്.
ഇവരുടെ മര്‍ദനവും വീട്ടുജോലികളും അസഹനീയമായ സാഹചര്യത്തില്‍ നാട്ടില്‍ തിരിച്ചെത്തിക്കണമെന്ന് മരണപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് സഹോദരന്മാരെ സിസിലി ഫോണില്‍ അറിയിച്ചിരുന്നു. ഇത് പ്രകാരം ബന്ധുക്കള്‍ ജനപ്രതിനിധികള്‍ക്കും വിദേശകാര്യമന്ത്രാലയത്തിനും പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. സിസിലിയുടെ അവസ്ഥ അറിഞ്ഞ് മരിക്കുന്നതിന് അഞ്ചുദിവസം മുന്‍പ് ജിദ്ദ കെ.എം.സി.സി സെക്രട്ടറി അണക്കായ് റസാഖ് സിസിലിയുമായും ഏജന്റ് റഫീഖുമായും സംസാരിച്ച് സിസിലിയെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഏജന്റിന്റെ ഭാഗത്ത് നിന്ന് നിഷ്‌ക്രിയമായ നടപടിയാണ് ഉണ്ടായത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ബാധിച്ച് സിസിലിയെ കിംങ്ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെനിന്നാണ് സിസിലി മരണപ്പെടുന്നത്.
മരണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ വിവരം നാട്ടിലറിയിക്കുകയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയുമായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹകരിക്കാതിരുന്ന സ്‌പോണ്‍സറും റിക്രൂട്ടിങ് ഏജന്‍സിയും കെ.എം.സി.സിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സഹകരിക്കാന്‍ തയാറായത്.
ഹായില്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി മൊയ്തു മൊകേരിയുടെ പേരില്‍ അനുമതി ലഭിച്ചതോടെ സാങ്കേതിക തടസങ്ങള്‍ ഒഴിവായി മൃതദേഹം നാട്ടിലെത്തിക്കാനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. നിയമ നടപടികള്‍ റിയാദിലെ എംബസിയില്‍ നിന്ന് പൂര്‍ത്തികരിക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകരായ ആബിദ് ചുണ്ടേല്‍, ബിജോയ് വര്‍ഗീസ്, ഷറഫു കുമ്പളാട്, സിദ്ദിഖ് തുവൂര്‍, മന്‍സൂര്‍ മേപ്പാടി, ഷമീര്‍ മടക്കിമല, മുരളി, എംബസി ഉദ്യോഗസ്ഥനായ ഹരീഷ് തുടങ്ങിയവരുടെ നിരന്തരമായ ശ്രമത്തിനൊടുവിലാണ് ഇന്ന് മൃതദേഹം നാട്ടിലെത്തുന്നത്.
സിസിലിയുടെപിതാവ് മൈക്കിള്‍ ഒരുവര്‍ഷംമുന്‍പാണ് മരണപ്പെട്ടത് . അമ്മ എമിലി, ഏക മകള്‍ ലിയാജോസ്(മിന്നു) എന്നിവരാണ് വീട്ടിലുള്ളത്. ജോസ്, മേരി, ജോണ്‍സണ്‍, ജോര്‍ജ് സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."