കൊവിഡ്: ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി പ്രതിരോധ വാക്സിന് ലഭിക്കുന്നത് വരെ ആരും സുരക്ഷിതരല്ല
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ അവസാനിച്ചുവെങ്കിലും ഉത്സവ കാലത്ത് കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചവരുത്തരുതെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തു ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും കൊറോണ വൈറസ് നമ്മെ വിട്ടുപോയിട്ടില്ലെന്ന് എല്ലാവരും ഓര്‍ക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
ഇപ്പോള്‍ എല്ലാവരും വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നു. ഉത്സവകാലത്ത് കൊവിഡിനെതിരേ അതീവ ജാഗ്രത വേണം. കടകമ്പോളങ്ങളില്‍ തിരക്കേറാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണം.
കഴിഞ്ഞ എട്ട് മാസത്തോളം ഒരോ ഇന്ത്യക്കാരനും സഹകരിച്ചതിനാല്‍ രാജ്യം ഇന്ന് മെച്ചപ്പെട്ട നിലയിലാണ്. ഇത് നശിപ്പിക്കാന്‍ അനുവദിക്കരുത്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവെങ്കിലും വീണ്ടും കുതിച്ചുയര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ നമ്മുടെ രോഗമുക്തി നിരക്ക് മികച്ച നിലയിലാണ്. മരണ നിരക്ക് കുറവാണ്.
പത്തുലക്ഷം പേരില്‍ 5,500 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് ബാധിക്കുന്നത്. അമേരിക്കയും ബ്രസീലും പോലെയുള്ള രാജ്യങ്ങളില്‍ ഇത് 25,000ത്തോളമാണ്.
പ്രതിരോധ വാക്സിന് ലഭിക്കുന്നത് വരെ ആരും സുരക്ഷിതരല്ല. കൊവിഡ് വാക്സിന് വികസിപ്പിക്കാന്‍ എല്ലാ രാജ്യങ്ങളും യുദ്ധകാല അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. വാക്സിന് ലഭ്യമായാലുടന്‍ അത് എല്ലാവര്ക്കും എത്തിക്കുന്നതിനുള്ള തയാറെടുപ്പ് സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
പത്ത് കോടിയോളം ആളുകളില്‍ പരിശോധന അടുത്തുതന്നെ പൂര്‍ത്തിയാകും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സാവധാനം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."