നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റെയില്‍ പാത കര്‍ണാടക സര്‍ക്കാരിന്റെ വൈമനസ്യം നീക്കാന്‍ ഒത്തൊരുമിക്കണം: സി.കെ ശശീന്ദ്രന്‍ എം.എല്‍.എ
കല്‍പ്പറ്റ: നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റെയില്‍ പാത യാഥാര്‍ഥ്യമാക്കുന്നതിന് കര്‍ണാടക സര്‍ക്കാരിന്റെ വൈമനസ്യം നീക്കാന്‍ എല്ലാ കക്ഷികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പരസ്പരം പഴിചാരുന്നത് ജില്ലയുടെ വികസനത്തിന് ആഘാതമേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍പാത യാഥാര്‍ഥ്യമാക്കുന്നതിന് കേരളത്തെ പോലെ കര്‍ണാടക സര്‍ക്കാരും ഒരുപോലെ മനസ് വെക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്ന നിലപാടല്ല കര്‍ണാടക സ്വീകരിക്കുന്നത്. അവിടത്തെ ചീഫ് സെക്രട്ടറി ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്.
കേരള സര്‍ക്കാരിന്റെ റെയില്‍വേ പദ്ധതികളില്‍ പ്രഥമ സ്ഥാനമാണ് ഈ പാതക്കുള്ളത്. ഇതില്‍ ഇതുവരെ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. അതിന്റെ അടിസ്ഥാനത്തിലാണ് ഡി.പി.ആര്‍ തയാറാക്കാന്‍ എട്ട് കോടി രൂപ ഡി.എം.ആര്‍.സിക്ക് അനുവദിച്ചത്. ഇതില്‍ രണ്ട് കോടി രൂപ അനുവദിക്കുകയും ചെയ്തതാണ്.
കര്‍ണാടകയുടെ തടസം ഉള്ളതുകൊണ്ടുതന്നെ ഡി.പി.ആര്‍ തയാറാക്കാന്‍ സാധിക്കില്ല എന്ന പ്രശ്‌നം നിലനില്‍ക്കുന്നു. അതുകൊണ്ടാണ് അനുവദിച്ച തുക പണമായി കൈമാറാന്‍ സാധിക്കാതെ വരുന്നതും.
നിലവിലുള്ള അലൈമെന്റ് മാറ്റി പുതിയത് തയാറാക്കുകയാണ് ഇനിയുള്ള പോംവഴി. ഇക്കാര്യം റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതി സംബന്ധിച്ച് നടക്കുന്ന ചില പ്രചാരണം അടിസ്ഥാന രഹിതമാണ്.
മാര്‍ച്ച് 17ന് നടന്ന ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിതല യോഗത്തില്‍ കര്‍ണാടക ഡി.എം.ആര്‍.സി തയാറാക്കിയ അലൈമെന്റിനെതിരെ നിലപാട് അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് തടസങ്ങള്‍ ഒഴിവാക്കി പരിസ്ഥിതി ലോല പ്രദേശങ്ങള്‍, വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവ ഒഴിവാക്കി പുതിയ അലൈമെന്റ് തയ്യാറാക്കാന്‍ നിര്‍ദേശിച്ചതായും മന്ത്രി സഭയെ അറിയിച്ചിരുന്നു.
ഇതിലേക്കുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഒരുമിച്ചുനിന്ന് പദ്ധതിക്കായി കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം.
യുവജന സംഘടനകളും ആക്ഷന്‍ കമ്മിറ്റിയും പൊതുവികാരമായി കണ്ട് ഒന്നിച്ച് നില്‍ക്കണം. എന്നാല്‍ മാത്രമേ വയനാടിന്റെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാവുകയുള്ളു. കേരള സര്‍ക്കാരിനെമാത്രം കുറ്റം പറയുന്നത് റെയില്‍വെ ശ്രമങ്ങളെ പിന്നോട്ടടിക്കാനേ ഉപകരിക്കുവെന്നും എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."