രാജ്യം വിടുന്നത് ജെയ്റ്റ്‌ലിയോട് പറഞ്ഞിരുന്നു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനേയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും വെട്ടിലാക്കി ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട മദ്യ രാജാവ് വിജയ് മല്യ. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ കഴിയുന്ന താന്‍ ഇന്ത്യയില്‍ നിന്ന് പോകുന്നതിന് മുന്‍പ് സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. രാജ്യം വിടുന്ന കാര്യവും ജെയ്റ്റ്‌ലിയോട് താന്‍ പറഞ്ഞിരുന്നുവെന്നും മല്യ പറഞ്ഞു. ഇതോടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തുന്ന ഇത്തരക്കാര്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവക്കുന്നതാണ് മല്യയുടെ പരാമര്‍ശമെന്ന വാദവും ശക്തമായിട്ടുണ്ട്.
ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന കാര്യം അദ്ദേഹം മാധ്യമങ്ങളോട് അറിയിച്ചത്. പാര്‍ലമെന്റിനകത്തുവച്ചായിരുന്നു കൂടിക്കാഴ്ച. മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരമായിരുന്നില്ല ഇത്. സാമ്പത്തിക പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന കാര്യമാണ് ചര്‍ച്ച ചെയ്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വായ്പാ തട്ടിപ്പു നടത്തിയ വിജയ് മല്യക്ക് രാജ്യം വിടാന്‍ ആരാണ് അനുവാദം നല്‍കിയതെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മല്യയും അരുണ്‍ ജെയ്റ്റ്‌ലിയും തമ്മിലുള്ള ചര്‍ച്ചയെക്കുറിച്ച് അറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്്‌വി പറഞ്ഞു. മല്യയെ രാജ്യം വിടാന്‍ അനുവദിച്ചതിനെക്കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ നിലപാട് അറിയാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുന്‍ധനകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ജയ്റ്റ്‌ലിക്കു മാത്രമല്ല മുഴുവന്‍ ബി.ജെ.പി നേതാക്കള്‍ക്കും വിജയ്മല്യയുമായി വ്യക്തമായ ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പി നേതാക്കള്‍ക്ക് മല്യയുമായി നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. 9,000 കോടി വായ്പയെടുത്ത മല്യ രാജ്യം വിടുന്നതിന് മുന്‍പ് അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയില്‍ നിന്ന് പോകുന്നതിന് മുന്‍പ് അരുണ്‍ ജെയ്റ്റിലുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന മല്യയുടെ പരാമര്‍ശം തന്നെ ഞെട്ടിച്ചുവെന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി അധ്യക്ഷനുമായ അരവിന്ദ് കെജ്്‌രിവാള്‍ പറഞ്ഞത്. വിജയ് മല്യയുമായുള്ള ബന്ധങ്ങളെക്കുറിച്ച് അരുണ്‍ ജെയ്റ്റ്‌ലി എന്തിനാണ് ഒളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍ വിജയ് മല്യയുടെ പരാമര്‍ശത്തെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തള്ളി. ഇന്ത്യയില്‍ നിന്ന് പോകുന്നതിന് മുന്‍പ് എല്ലാ ധനകാര്യ പ്രശ്‌നങ്ങളും പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നുവെന്ന മല്യയുടെ വാദം പച്ചക്കള്ളമാണ്. അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചക്ക് താന്‍ സമയം അനുവദിച്ചിരുന്നില്ലെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. മല്യ മാധ്യമങ്ങളിലൂടെ അറിയിച്ചതല്ലാതെ ഇക്കാര്യത്തില്‍ തനിക്ക് ഒരുതരത്തിലുള്ള അറിവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."