തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; റിപ്പോര്‍ട്ട് ശരിവച്ച് കേന്ദ്രം
ന്യൂഡല്‍ഹി: 2017-2018 കാലയളവില്‍ രാജ്യത്തിന്റെ തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് കേന്ദ്രം. നേരത്തെ തൊഴില്‍ മന്ത്രാലയം മറച്ചുവച്ചിരുന്ന റിപ്പോര്‍ട്ടാണ് രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ പുറത്തുവന്നത്. 1972-1973ന് ശേഷമുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നിലവിലുള്ളതെന്ന് ദേശീയ മാധ്യമമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായതിനാല്‍ ഈ റിപ്പോര്‍ട്ട് സര്‍ക്കാരും നീതി ആയോഗും നിഷേധിക്കുകയായിരുന്നു.
ദേശീയ സാംപിള്‍ സര്‍വേ ഓഫിസിന്റെ 2017-2018 വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം 6.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഇന്ത്യയുടെ ഏറ്റവും ആധികാരികമായ സര്‍വേയാണ് എന്‍.എസ്.എസ്.ഒയുടെ തൊഴില്‍ സര്‍വേ. ഈ റിപ്പോര്‍ട്ടാണ് ഒടുവില്‍ തൊഴില്‍ മന്ത്രാലയം ശരിവച്ചത്.
രാജ്യത്തെ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 5.3 ശതമാനമാണ്. നഗരങ്ങളിലെ തൊഴിലില്ലായ്മ 7.8 ശതമാനവും. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ അംഗീകരിച്ച റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിന് മുന്‍പ് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാനും മലയാളിയുമായ പി.സി മോഹനന്‍, കമ്മിഷന്‍ അംഗം ജെ.വി മീനാക്ഷി എന്നിവര്‍ രാജിവച്ചിരുന്നു.
നോട്ടു നിരോധനത്തിനു ശേഷം ഉണ്ടായത് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണെന്ന റിപ്പോര്‍ട്ട് പ്രതിപക്ഷം പ്രചാരണ ആയുധമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."