മതരാഷ്ട്രവാദവും മതരഹിതവാദവും പ്രകൃതിവിരുദ്ധം
പട്ടിണിയില്‍ ഇന്ത്യ അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് മുന്‍പന്തിയിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പട്ടാളക്കാരുടെ തോക്ക് ഇടയ്ക്കിടെ ശബ്ദിക്കുന്ന, ഗോത്ര സംസ്‌കാരങ്ങളുടെ പിടിയിലമര്‍ന്ന പാകിസ്താന്‍ പട്ടിണി ചെറുക്കാന്‍ പണിയെടുത്തു വിജയിച്ചു വരുന്നു. കൊറോണയെക്കാള്‍ വലിയ വൈറസായ വര്‍ഗീയത ഇന്ത്യയെ വരിഞ്ഞു മുറുക്കുന്നു. വംശീയ ഭ്രാന്ത് അധികാര കേന്ദ്രങ്ങളില്‍ ആധിപത്യമുറപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ നവബാല്യങ്ങള്‍ നിര്‍മാണാത്മക വഴി ഉപേക്ഷിച്ചു വിഭജനത്തിന്റെ പാത പിന്തുടരുകയാണ്. പാര്‍ട്ടി ഓഫിസുകളില്‍ വിഷം വമിക്കുന്ന ലഘുലേഖകളും ബോംബുകളും മാരകായുധങ്ങളും സ്ഥാനം പിടിച്ചിരിക്കുന്നു. മതരാഷ്ട്രവാദികള്‍ അവിശ്രമം പണിയെടുക്കുന്നു. ബാബരി മസ്ജിദ് തകര്‍ക്കാന്‍ അവര്‍ കാണിച്ച പരിശ്രമവും ക്ഷമയും വായിക്കാതെ പോകാന്‍ പാടില്ല. ഇപ്പോള്‍ മഥുര പള്ളിയിലാണ് കണ്ണ്. ഒരു കോടതി ഹരജി തിരസ്‌കരിച്ചപ്പോള്‍ മറ്റൊരു കോടതി ഹരജി ഫയലില്‍ സ്വീകരിച്ചു. ഇന്ത്യയില്‍ ആവര്‍ത്തിക്കപ്പെടുന്ന പ്രതിഭാസമാണിത്. അപരമത വിദ്വേഷ രോഗ ബാധയേറ്റ മനസുകള്‍ ഇരിക്കുന്ന കസേരകളുടെ കൃത്യമായ അറിവ് ആര്‍.എസ്.എസ് നേതൃത്വത്തിനുണ്ട്. ലക്ഷ്യം നേടുംവരെ ക്ഷമാപൂര്‍വം സഞ്ചരിക്കാനും അവസരം വരുമ്പോള്‍ ഉപയോഗപ്പെടുത്താനും അവര്‍ പഠിച്ചു പരിശീലിച്ചുവച്ചിരിക്കുന്നു.
നവ ബാല്യങ്ങളെ ലക്ഷ്യമിടുന്ന മറ്റൊരു ദുരന്തമായ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം(നിരീശ്വരത) മനുഷ്യരുടെ സ്വാഭാവിക ബൗദ്ധിക വ്യായാമത്തെ തടഞ്ഞുനിര്‍ത്തി, മനുഷ്യജന്മത്തെ യഥാര്‍ഥ ലക്ഷ്യലെത്താന്‍ അനുവദിക്കാത്ത പാഴാക്കുകയാണ്. ഫലത്തില്‍ മതരാഷ്ട്രവാദവും മതരഹിതവാദവും പ്രകൃതിവിരുദ്ധമാണ്, അതുകൊണ്ടുതന്നെ മാനവികത നിരാകരിക്കുന്ന ആശയമാണ്. ഫാസിസത്തിന്റെ പ്രായോഗിക സ്ഥാപകന്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍, ഇന്ത്യയില്‍ അതിന് അടിത്തറ പണിത സവര്‍ക്കര്‍ തുടങ്ങിയവര്‍ ലക്ഷ്യമാക്കിയത് മനുഷ്യ സമൂഹത്തിന്റെ പൊതുവായ നന്മയല്ല. വീക്ഷണ ദാരിദ്ര്യത്തിന്റെ മികച്ച ഉദാഹരണമാണത്. ഇരു ആശയങ്ങളും ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്തു. വര്‍ത്തമാനത്തിനും ഭാവിക്കും നാശമല്ലാതെ നന്മയൊന്നും സംഭാവന ചെയ്യാന്‍ കഴിഞ്ഞതുമില്ല. ആയുധത്താലും വൈരാഗ്യ ആശയത്താലും മാത്രമാണതിന്റെ ചലന സാധ്യത നിലനില്‍ക്കുന്നത്. മനുഷ്യരുടെ ജൈവപരമായ ധര്‍മം നിര്‍വഹിക്കാന്‍ ഇരു ആശയങ്ങളും തടസം നില്‍ക്കുന്നു. മനുഷ്യവിഭവശേഷി പൂര്‍ണമായി പാഴാക്കി സ്വാതന്ത്ര്യം നിഷേധിക്കുന്നു. തലമുറകളോളം ഈ വിഷ വൈറസ് സഞ്ചരിക്കുന്നതിനാല്‍ ലോകസമാധാനം ഭംഗപ്പെടുത്തുന്നു. പുരോഗതികള്‍ തടയുന്നു. മനുഷ്യ സൃഷ്ടിപ്പിലെ ഏറ്റവും മഹത്തായ സ്‌നേഹം എന്ന ഭാഗം ക്ഷയിപ്പിച്ചു, പക വളര്‍ത്തി മാനവികതയെ വെല്ലുവിളിക്കുകയാണ്.
1818ല്‍ ജര്‍മ്മനിയിലെ ട്രിയര്‍ പട്ടണത്തിലാണ് യഹൂദ വംശജനായ കാള്‍ മാര്‍ക്‌സ് ജനിക്കുന്നത്. യൂറോപ്പ്യന്‍ മുതലാളിത്തം എല്ലാ അതിരുകളും ഭേദിച്ചു മാനവ സമൂഹത്തിനു മുകളില്‍ അധീശത്വം സ്ഥാപിച്ച കാലമായിരുന്നു അത്. മാര്‍ക്‌സ് ചെറുപ്പം മുതലേ നിര്‍ഭയനും മര്‍ക്കടമുഷ്ടിക്കാരനും ധാര്‍ഷ്ട്യക്കാരനുമായാണ് വളര്‍ന്നത്. സ്വന്തം ബുദ്ധിയില്‍ തോന്നുന്നത് ശരിയാണെന്നും അത് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. നിലവിലുണ്ടായിരുന്ന സാമ്പത്തിക വ്യവസ്ഥയില്‍ സമൂലമായ പരിവര്‍ത്തനമുണ്ടാക്കാന്‍ തീരുമാനിച്ചു. ജീവിതത്തില്‍ ഏതെങ്കിലും ഒരു ഭാഗത്ത് അടിസ്ഥാനപരമായ മാറ്റമുണ്ടാകണമെങ്കില്‍ എല്ലാ വശത്തും പരിവര്‍ത്തനമുണ്ടാകണം, അതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. ഭൗതികത, ഭക്ഷണം ഇത് രണ്ടും മാത്രമാണ് മാര്‍ക്‌സിന്റെ ആശയത്തിന്റെ അടിത്തറ.
മാര്‍ക്‌സ് തന്നെ പറഞ്ഞത് കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വം ആരംഭിക്കുന്നു എന്നാണ്. സഖാവ് ലെനിന്‍ നല്‍കിയ വ്യാഖ്യാനം ശ്രദ്ധിക്കുക; കമ്മ്യൂണിസത്തിന്റെ താത്വികമായ അടിസ്ഥാനം മാര്‍ക്‌സും ഏംഗല്‍സും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രസ്താവിച്ചിട്ടുള്ളത് പോലെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമാണ്. ഈ ഭൗതികവാദമാകട്ടെ തികച്ചും നിരീശ്വരപരവും സര്‍വമത വിരുദ്ധവുമാകുന്നു(മാര്‍ക്‌സ്, ഏംഗല്‍സ്, മാര്‍ക്‌സിസം. പേജ് 273). റീലീജിയന്‍ എന്ന പുസ്തകത്തിലും ലെനിന്‍ ഇത് ആവര്‍ത്തിക്കുന്നുണ്ട്. നിരീശ്വരത്വം കമ്മ്യൂണിസത്തിന്റെ അവിഭാജ്യ ഘടകമാകുന്നു. അതിനാല്‍ വര്‍ഗബോധമുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിനിരീശ്വരത്വത്തിന് വേണ്ടി പ്രചാരവേല ചെയ്യണം (പേജ് 7). മതരാഷ്ട്രവാദവും മതരഹിതവാദവും സന്ധിയാവുന്നത് ഇവിടെയാണ്. രണ്ടും ബുദ്ധി സ്വാതന്ത്ര്യം നിരാകരിക്കുന്ന ഭീകരതയാണ് പ്രചരിപ്പിക്കുന്നത്.
1987 ജനുവരി 24ന് മാതൃഭൂമി ദിനപത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ജനറല്‍ സെക്രട്ടറി ഏലംകുളം മനയ്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് (ഇ.എം.എസ്) പുറപ്പെടുവിച്ച പ്രസ്താവന പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാബരി മസ്ജിദ് വിഷയം ഫാസിസ്റ്റുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഘട്ടത്തില്‍ ഈ പ്രസ്താവന സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. ബാബരി മസ്ജിദ് പൊളിച്ചു മാറ്റി പ്രശ്‌ന പരിഹാരമുണ്ടാകണമെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. ശ്രീരാമ ജന്മസ്ഥലമാണെന്ന് അവകാശവാദമുന്നയിച്ചു ഹിന്ദുത്വ ഭീകരര്‍ സമാധാന ഭംഗമുണ്ടാക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന ആരെ സഹായിക്കാനാണ്. മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ അറിയാത്ത ആളല്ല പാര്‍ട്ടി സെക്രട്ടറി. മുസ്‌ലിംകളെ എല്ലാ സന്ദര്‍ഭത്തിലും ആക്ഷേപിക്കുന്നതില്‍ മിടുക്കു കാണിച്ച നേതാക്കളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അധികപേരും. മലപ്പുറം ജില്ല താമസിയാതെ മുസ്‌ലിം ഭൂരിപക്ഷ ജില്ലയാകുമെന്ന് ഭയപ്പെട്ടത് തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കൂടിയായ വി.എസ് അച്യുതാനന്ദനാണ്. പബ്ലിക് പരീക്ഷകളില്‍ മുസ്‌ലിം കുട്ടികള്‍ ജയിക്കുന്നത് കോപ്പിയടിച്ചത് കൊണ്ടാണെന്ന് പറഞ്ഞതും ഇദ്ദേഹം തന്നെയാണ്. ഇസ്‌ലാം വിരോധം പല കമ്യൂണിസ്റ്റുകാര്‍ക്കും ആര്‍.എസ്.എസിലേക്ക് വഴികാണിച്ചുകൊടുത്തു. വടക്കേ ഇന്ത്യയില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന സംസ്ഥാനങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോയി. 35 വര്‍ഷം അധികാരത്തിലിരുന്ന പശ്ചിമബംഗാളില്‍ ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന ഭാരവാഹികള്‍വരെ പലരും ആര്‍.എസ്.എസ് അംഗത്വമെടുത്തു. ഇപ്പോഴും പൊളിറ്റ് ബ്യൂറോ അംഗമായ എസ്.ആര്‍.പി തന്റെ സംഘ്പരിവാര്‍ ബന്ധം മറച്ചുവയ്ക്കുന്നില്ല. നിയമമന്ത്രിക്ക് (ബാലന്‍) ആര്‍.എസ്.എസുമായുള്ള ബന്ധം പറയാന്‍ നൂറു നാവാണ്.
അല്‍ഫോന്‍സ് കണ്ണന്താനം ആര്‍.എസ്.എസില്‍ എത്തിയത് കമ്മ്യൂണിസം വഴിയാണെന്ന ആക്ഷേപം നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല. 1977 ല്‍ കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ നിന്നും പിണറായി വിജയന്‍ വിജയിച്ചത് ആര്‍.എസ്.എസ് പിന്തുണയോടെയാണ്. മതനിരപേക്ഷ പക്ഷത്ത് ഇടതുപക്ഷം നിര്‍വഹിച്ച ചരിത്രപരമായ നിയോഗങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അധികാര രാഷ്ട്രീയ ഇന്ത്യന്‍ പരിസരങ്ങളില്‍ ഇടതുപക്ഷത്തിന് ചരിത്രപരമായ മണ്ടത്തരങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതം ബി.ജെ.പിക്ക് അധികാരത്തിലേക്കുള്ള ചുവന്ന പരവതാനി വിരിക്കലായിരുന്നു. ഭാരത രാഷ്ട്രീയ ഭൂമികയില്‍ ശ്വാസംമുട്ടി കഴിഞ്ഞിരുന്ന വര്‍ഗീയവാദികള്‍ക്ക് ഓക്‌സിജന്‍ നല്‍കി പുനര്‍ജീവന്‍ നല്‍കിയത് മാപ്പര്‍ഹിക്കാത്ത അപരാധം തന്നെ.
ദീര്‍ഘവീക്ഷണമില്ലായ്മ,പാര്‍ലമെന്ററി വ്യാമോഹം, അന്ധമായ കോണ്‍ഗ്രസ് വിരോധം ഇങ്ങനെ പ്രത്യയശാസ്ത്രപരമായ അപചയങ്ങളുടെ മാറാപ്പ് ഇടതുപക്ഷം സ്ഥിരമായി ചുമന്നുവരുന്നു. പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മികച്ച അവസരങ്ങള്‍ ജനം നല്‍കിയിരുന്നു. നിയമസഭകളില്‍ രണ്ടക്ക പ്രാതിനിധ്യവും നല്‍കിയിരുന്നു. നിലപാടുകളില്‍ വ്യക്തത ഇല്ലായ്മയും മതനിരപേക്ഷ ഭാരത പരിസരങ്ങള്‍ക്ക് ഒട്ടും ചേരാത്തതുമായ തീരുമാനങ്ങള്‍ കാരണം ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഇന്ത്യന്‍ വോട്ടര്‍മാര്‍ തിരസ്‌കരിച്ചു. കേരളവും താമര വിരിയിക്കാനുള്ള രാഷ്ട്രീയ സാഹചര്യ നിര്‍മിതിയാണ് ഇടതുപക്ഷങ്ങളുടെ അജന്‍ഡയില്‍ നിഴലിച്ചു കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."