തമിഴ്നാട് പ്ലസ്റ്റു പരീക്ഷ: നീലഗിരിയില്‍ 92.06 ശതമാനം വിജയം
ഗൂഡല്ലൂര്‍: തമിഴ്നാട് പ്ലസ്റ്റു പരീക്ഷയില്‍ നീലഗിരിയില്‍ 92.06 ശതമാനം വിജയം. സംസ്ഥാന ശരാശരിക്കും മുകളിലാണ് നീലഗിരിയിലെ വിജയശതമാനം.
91.79 ശതമാനമാണ് സംസ്ഥാനത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നില മെച്ചപ്പെടുത്തിയ ഫലമാണ് ഇത്തവണ നീലഗിരിക്ക്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 91.29 ശതമാനമായിരുന്നു വിജയം. ജില്ലയില്‍ 8361 പേര് പരീക്ഷയെഴുതിയതില്‍ 7699 പേര് വിജയിച്ചു. തമിഴ്നാട്, പതുച്ചേരി സംസ്ഥാനങ്ങളില്‍ നിന്നുള്ള 10 ലക്ഷത്തിനടുത്ത് വിദ്യാര്‍ഥികളാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 9.55 ലക്ഷം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. മാര്‍ച്ച് രണ്ടു മുതല്‍ 31 വരെ നടന്ന പരീക്ഷയില്‍ പെണ്‍കുട്ടികളാണ് അധികവും പരീക്ഷയെഴുതിയത്. ആണ്‍കുട്ടികളെക്കാള്‍ 62,843 പെണ്‍കുട്ടികള്‍ ഇത്തവണ പരീക്ഷയെഴുതിയപ്പോള്‍ വിജയ ശതമാനത്തിലും മുന്നിലെത്തി. ജില്ലയില്‍ ആറ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളും ഒരു എയ്ഡഡ് സ്കൂളും, മൂന്ന് മെട്രിക് ഹയര്‍സെക്കന്‍ഡറി സ്കൂളുമാണ് നൂറുശതമാനം വിജയം നേടിയത്.
തൂണേരി ഗവ. സ്കൂള്‍, എടക്കാട് ഗവ. സ്കൂള്‍, കണ്ണേരിമന്താനി ഗവ. സ്കൂള്‍, തുമ്മനട്ടി ഗവ. സ്കൂള്‍, കക്കുച്ചി ഗവ. സ്കൂള്‍, കോത്തഗിരി ഗ്രീന്‍വാലി മെട്രിക് സ്കൂള്‍, കുന്നൂര് സെന്റ് ജോസഫ് സ്കൂള്‍, അറുവങ്കാട് കോറിപ്റ്റി ഫാക്ടറി സ്കൂള്‍, തൂണേരി സത്യസായി സ്കൂള്‍, ഊട്ടി എസ്.എസ്.വി സ്കൂള്‍, അയ്യംകൊല്ലി സെന്റ്തോമസ് സ്കൂളുകള്‍ക്കാണ് നൂറുമേനി ലഭിച്ചത്. തമിഴ്നാട്ടില്‍ ഇത്തവണ മുതല്‍ റാങ്ക് സിസ്റ്റം നിര്‍ത്തലാക്കിയിരിക്കുകയാണ്.
ഇന്നലെ രാവിലെ ചെന്നൈയില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കെ.എ ചെങ്കോട്ടയ്യനാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് ഊട്ടിയില്‍ ജില്ലാ കലക്ടര്‍ പി ശങ്കര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെയും പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."