മെക്‌സിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് യു.എസ് അഞ്ചു ശതമാനം തീരുവ ചുമത്തും
വാഷിങ്ടണ്‍: മെക്‌സിക്കോയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് യു.എസ് അഞ്ചു ശതമാനം തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃതമായി വന്‍തോതില്‍ അഭയാര്‍ഥികള്‍ മെക്‌സിക്കോയില്‍നിന്ന് യു.എസിലേക്ക് പ്രവഹിക്കുന്നതിനാലാണിതെന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ പത്തിന് അഞ്ചു ശതമാനം തീരുവ നിലവില്‍ വരും. തുടര്‍ന്ന് ഓരോ മാസവും തീരുവ കൂട്ടി ഒക്ടോബര്‍ ഒന്ന് ആവുമ്പോഴേക്കും 25 ശതമാനത്തിലെത്തിക്കും. യു.എസിന്റെ തെക്കന്‍ അതിര്‍ത്തിയിലൂടെ അഭയാര്‍ഥികളെ വിടുന്നത് മെക്‌സിക്കോ അവസാനിപ്പിച്ചില്ലെങ്കില്‍ ഇത് തുടര്‍ന്നും നിലനില്‍ക്കുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി.
മെക്‌സിക്കന്‍ അതിര്‍ത്തി കടന്നുവരുന്ന ആയിരക്കണക്കിന് അഭയാര്‍ഥികള്‍ അമേരിക്കയെ അധിനിവേശപ്പെടുത്തുകയാണ്. ഇത് രാജ്യത്തെ ജനജീവിതത്തിന് എല്ലാ രംഗത്തും പ്രത്യാഘാതമുണ്ടാക്കുന്നു. മെക്‌സിക്കോയുടെ സഹകരണമാണ് ഇതിന് ഇടയാക്കുന്നത്. ഇതിനെതിരേ മെക്‌സിക്കന്‍ സര്‍ക്കാര്‍ വേണ്ട നടപടിയെടുക്കുകയാണെങ്കില്‍ തീരുവ എടുത്തുകളയുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
യു.എസിന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് മെക്‌സിക്കോ. കഴിഞ്ഞവര്‍ഷം അവിടെനിന്ന് 346.5 ബില്യന്‍ ഡോളറിന്റെ ചരക്കുകളാണ് യു.എസ് ഇറക്കുമതി ചെയ്തത്. ഇതില്‍ പകുതിയും വാഹനങ്ങളും യന്ത്രങ്ങളുമാണ്. അതേസമയം 265 ബില്യന്‍ ഡോളറിന്റെ ചരക്കുകള്‍ യു.എസില്‍ നിന്ന് മെക്‌സിക്കോയിലേക്ക് കയറ്റുമതി ചെയ്തു. അതേസമയം യു.എസുമായി സംഘട്ടനം ആഗ്രഹിക്കുന്നില്ലെന്നും അഭയാര്‍ഥി പ്രശ്‌നത്തില്‍ ചര്‍ച്ചയാവാമെന്നും വ്യക്തമാക്കിയുള്ള കത്ത് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് ലോപസ് ഒബ്രാഡര്‍ ട്രംപിന് അയച്ചു. തീരുവ ചുമത്തുന്ന നീക്കവുമായി ട്രംപ് മുന്നോട്ടുപോവുകയാണെങ്കില്‍ അത് ദുരന്തമായിരിക്കുമെന്ന് മെക്‌സിക്കോയുടെ ഉപ വിദേശകാര്യ മന്ത്രി ജീസസ് സീഡ് പറഞ്ഞു. കാനഡ-മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റീല്‍- അലൂമിനിയം ഇറക്കുമതിക്ക് ചുമത്തിയ തീരുവ എടുത്തുമാറ്റാന്‍ ഈ മാസമാദ്യം യു.എസ് സമ്മതിച്ചിരുന്നു. കഴിഞ്ഞ ദിവസം അതിര്‍ത്തി രക്ഷാസേന 1,036 അംഗ അഭയാര്‍ഥിസംഘത്തെ ടെക്‌സാസില്‍വച്ചു പിടികൂടിയിരുന്നു. മെക്‌സിക്കോയില്‍നിന്ന് റിയോ ഗ്രാന്റ് നദി കടന്നാണ് ഇവര്‍ എത്തിയത്. ഒരു മാസം ഒരുലക്ഷം അഭയാര്‍ഥികളെ വീതമാണ് അടുത്തിടെ പിടികൂടിയത്. അക്രമവും പട്ടിണിയും മൂലം മധ്യ അമേരിക്കയില്‍ നിന്നു യു.എസിലേക്ക് അഭയം തേടിവരുന്നവരാണ് ഇവരിലധികവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."