ദേശീയപാതയില്‍ മാലിന്യം തള്ളുന്നത് വന്‍ ലോബികള്‍
പുതുക്കാട്: ദേശീയപാതയോരങ്ങളില്‍ മാലിന്യം തള്ളുന്നത്തിനായി വന്‍ ലോബികള്‍ പ്രവര്‍ത്തിക്കുന്നതായി സംശയം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ശേഖരിക്കുന്ന കക്കൂസ് മാലിന്യമാണ് ഇത്തരക്കാര്‍ ദേശീയപാതയോരത്ത് രാത്രികാലങ്ങളില്‍ തള്ളുന്നത്.
ഇവിടെ തള്ളുന്ന മാലിന്യം തോടുകളിലൂടെ മണലി പുഴയിലേക്കാണ് ഒഴുകിയെത്തുന്നത്. സമീപ പ്രദേശത്തെ ജലസ്രോതസുകള്‍ മലിനമാകുന്ന തരത്തിലാണ് ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നത്. സമീപ ജില്ലകളില്‍ നിന്നും കൊണ്ടുവരുന്ന മാലിന്യവും പാലിയേക്കര മുതല്‍ തലോര്‍ വരെയുള്ള ഭാഗങ്ങളിലാണ് തള്ളുന്നത്.
വന്‍കിട ഫ്‌ളാറ്റുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം തള്ളുന്നതിന് പിന്നില്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതായി പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഗുണ്ടകളും ഏജന്‍സി നടത്തുന്നവര്‍ക്ക് കൂട്ടായി മാലിന്യം തള്ളാന്‍ എത്തുന്നുണ്ടെന്നാണ് വിവരം. ആയിരക്കണക്കിന് രൂപയാണ് ഓരോ ലോഡ് മാലിന്യം തള്ളുമ്പോഴും ഇവര്‍ക്ക് ലഭിക്കുന്നത്. ദേശീയപാതയോരത്ത് ആളൊഴിഞ്ഞ സ്ഥലം നേരത്തെ കണ്ടെത്തിയാണ് ഇവര്‍ മാലിന്യം തള്ളുന്നത്.
ആഴ്ചയില്‍ നൂറ് തവണയെങ്കിലും ഇത്തരം സ്ഥലങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നതായാണ് പ്രാഥമിക കണക്ക് വ്യക്തമാക്കുന്നു. പല തവണ ലോറികള്‍ പിടികൂടിയെങ്കിലും നിയമസാധ്യതകള്‍ ഉപയോഗിച്ച് ഇവര്‍ കേസില്‍ നിന്ന് ഒഴിവായി പോകുകയാണ് പതിവ്. പ്രതികളെ രക്ഷപ്പെടുത്താന്‍ പ്രമുഖ അഭിഭാഷകരാണു പൊലിസ് സ്റ്റേഷനില്‍ എത്തുന്നത്.
മാലിന്യം തള്ളുന്നത് കൈയോടെ പിടികൂടാന്‍ കഴിയാത്തതുമൂലം പ്രതികള്‍ക്ക് സ്റ്റേഷനില്‍ നിന്നുതന്നെ ജാമ്യം നല്‍കാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം പിടികൂടിയ പ്രതികള്‍ക്കെതിരേ കുടിവെള്ള സ്രോതസുകള്‍ മലിനമാക്കിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലിസ് കേസ് എടുത്തിരിക്കുന്നത്. നിരവധി തവണ ദേശീയപാതയോരത്തുള്ള പാടശേഖരത്തിലേക്ക് തള്ളിയതായി പ്രതികള്‍ പൊലിസിന് മൊഴി നല്‍കി.
കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ ലോറി പൊലിസ് പിടികൂടി
പുതുക്കാട്: പാലിയേക്കര ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ ലോറി പിടികൂടി ലോറി ജീവനക്കാരായ മൂന്നുപേരെ പുതുക്കാട് പൊലിസ് അറസ്റ്റ് ചെയ്തു.
ലോറി ഡ്രൈവര്‍ മലപ്പുറം കക്കുന്നത്ത് വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജലീല്‍, സഹായികളായ തമിഴ്‌നാട് ചിദംബരം സ്വദേശികളായ അന്‍പ്, പ്രേംകുമാര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. മേഖലയിലെ പാടത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ പൊലിസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
പൊലിസ് ദേശീയ പാതയില്‍ പെട്രോളിങ് നടത്തുന്നതിനിടെയാണ് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന മാലിന്യം പാടത്തേക്ക് തള്ളുന്നത് കണ്ടെത്തിയത്.
പൊലിസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ലോറി ജീവനക്കാര്‍ പിടിയിലായത്.
പ്രതികള്‍ക്കെതിരെ കുടിവെള്ള സ്രോതസുകള്‍ മലിനമാക്കിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലിസ് കേസ് എടുത്തിരിക്കുന്നത്.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പരിശോധന കര്‍ശനമാക്കുമെന്നും പിടികൂടിയ വാഹനം കളക്ടര്‍ക്ക് കൈമാറുമെന്നും പുതുക്കാട് സി.ഐ എസ്.പി സുധീരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."