HOME
DETAILS
MAL
അധ്യാപക ജോലിയുണ്ട്; പക്ഷേ ജീവിക്കാന്‍ കൂലിപ്പണിക്കു പോകണം
backup
October 21 2020 | 01:10 AM
കോഴിക്കോട്: അധ്യാപകരെന്ന പേരുണ്ട്. അധ്യാപകരുടെ എല്ലാ ജോലിയും കൃത്യമായി ചെയ്യണം. എന്നാല്‍ ശമ്പളമില്ല. കുടുംബം പുലര്‍ത്തണമെങ്കില്‍ ഓട്ടോറിക്ഷ ഓടിക്കാനോ തെങ്ങുകയറാനോ പോകണം.
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ ജീവിതമാണിത്. നിയമനാംഗീകാരം പ്രതീക്ഷിച്ച് കഴിഞ്ഞ നാലു വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ് 3,000ത്തോളം വരുന്ന അധ്യാപകര്‍. എന്നാല്‍ കൊവിഡ് വന്നതോടെ വരുമാനത്തിനായി നേരത്തെ കണ്ടെത്തിയിരുന്ന മറ്റു മാര്‍ഗങ്ങളും അടഞ്ഞു.
ഏറെ ദുരിതം നേരിടുന്ന കൊവിഡ് കാലത്തും ഒരു രൂപ പോലും പ്രതിഫലമില്ലാതെ ജോലിയെടുക്കേണ്ട ദുരവസ്ഥയിലാണ് ഈ അധ്യാപകര്‍. അതിനാല്‍ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇവര്‍ കടന്നുപോകുന്നത്. കുടുംബജീവിതം താളംതെറ്റിയ നിലയിലാണ്. എങ്കിലും ഓണ്‍ലൈന്‍ ക്ലാസുകളില്‍ മുടക്കം വരുത്താതെ തങ്ങളുടെ ജോലി കൃത്യമായി നിര്‍വഹിക്കുകയാണ്. അധ്യാപക ജോലിക്കു ശേഷം കുടുംബം പുലര്‍ത്താനായി ഓട്ടോറിക്ഷ ഓടിച്ചും തട്ടുകടകളില്‍ ജോലി ചെയ്തുമാണ് മുന്നോട്ടുപോയിരുന്നതെന്ന് കേരള നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്‌സ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി ബിബിന്‍ കൃഷ്ണന്‍ പറയുന്നു.
വിദ്യാര്‍ഥികളുടെ എണ്ണം പുനര്‍നിര്‍ണയിച്ചുണ്ടായ അധ്യാപക തസ്തികകളില്‍ 2016 ജൂണിനു ശേഷം നിയമനം ലഭിച്ചവര്‍ക്കാണ് അംഗീകാരം ലഭിക്കാത്തത്. അധിക തസ്തികകളിലെ നിയമനങ്ങളില്‍ 1: 1 അനുപാതം പാലിക്കണമെന്ന് കെ.ഇ.ആര്‍ ഭേദഗതിയിലൂടെ സര്‍ക്കാര്‍ നിലപാടെടുത്തതാണ് അധ്യാപകരുടെ അംഗീകാരം അവതാളത്തിലാക്കിയത്.
നിരവധി തവണ നിവേദനം നല്‍കലും പ്രതിഷേധങ്ങളും നടത്തിയെങ്കിലും ഫലംകണ്ടില്ല. അധ്യാപക ബാങ്കിലുള്ള മുഴുവനാളുകളെയും മാനേജ്‌മെന്റ് അസോസിയേഷന്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 26 മുതല്‍ അഖില കേരള ഉപവാസ സമരം നടത്തുകയാണിവര്‍. സര്‍ക്കാര്‍ തങ്ങള്‍ക്കനുകൂലമായ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലുമാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."