വാഹനങ്ങളിലെ ബാറ്ററി മോഷ്ടാക്കളുടെ ബൈക്കും മോഷ്ടിച്ച ബാറ്ററികളും പിടികൂടി പ്രതികള്‍ ഓടി രക്ഷപ്പെട്ടു
പള്ളിക്കല്‍: വാഹനത്തില്‍ നിന്നും മോഷ്ടിച്ച ബാറ്ററിയുമായി പോകവെ മോഷ്ടാക്കളുടെ ബൈക്കും മോഷ്ടിച്ച ബാറ്ററികളും പിടികൂടി. പ്രതികള്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലാ കാംപസ് റോഡിലാണ് സംഭവം.
ഇന്നലെ അര്‍ധരാത്രി രണ്ട് മണിയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കാംപസിലെ അധ്യാപക ഹോസ്റ്റലിന് സമീപം ബൈക്ക് നിര്‍ത്തി ബാറ്ററിയില്‍ നിന്നും ആസിഡ് റോഡരികില്‍ ഒഴിവാക്കുന്നതിനിടയില്‍ രാത്രി പെട്രാളിങ്ങിനിറങ്ങിയ സര്‍വകലാശാലാ സുരക്ഷാ ജീവനക്കാരാണ് മോഷ്ടാക്കളെ കണ്ടത്. സുരക്ഷാ ജീവനക്കാരെ കണ്ട മോഷ്ടാക്കള്‍ ബാറ്ററികളും ബൈക്കും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. വലിയ വാഹനങ്ങളിലെ രണ്ട് ഹെവി ബാറ്ററികളും കെ.എല്‍.11.എഫ് 1317 നമ്പര്‍ പള്‍സര്‍ ബൈക്കുമാണ് ഇവര്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടത്. സര്‍വകലാശാലാ അധികൃതര്‍ ബൈക്കും ബാറ്ററികളും തേഞ്ഞിപ്പലം പൊലിസിന് കൈമാറി. ബൈക്കിന്റെ നമ്പര്‍ വ്യജമാണെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം ആനങ്ങാടി റെയില്‍വേ ഗേറ്റിന് സമീപം നിര്‍ത്തിയിട്ട കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന കെ.എല്‍ 56- 6730 നമ്പര്‍ ഇന്റിമേറ്റ് ബസില്‍ നിന്നും രണ്ട് ബാറ്ററികള്‍ മോഷണം പോയിരുന്നു.
പതിനായിരം രൂപയോളം വില വരുന്ന രണ്ട് ബാറ്ററിയാണ് മോഷണം പോയിരുന്നത്. ബസ് ഉടമ പരപ്പനങ്ങാടി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മോഷ്ടാക്കള്‍ ഉപേക്ഷിച്ചു പോയ ബാറ്ററികള്‍ ആനങ്ങാടിയില്‍ നിന്നും ബസില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ബാറ്ററിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വാഹനങ്ങളില്‍ നിന്നും ബാറ്ററികള്‍ മോഷണം പോകുന്നത് പ്രദേശത്ത് പതിവായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് സര്‍വകലാശാലക്കടുത്ത് ചെനക്കലില്‍ നിന്നും രാത്രി റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്നും രണ്ട് ബാറ്ററികള്‍ മോഷണം പോയത്. തേഞ്ഞിപ്പലം പൊലിസില്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണം നടത്തി പ്രതികളെ കണ്ടു പിടിക്കാന്‍ പൊലിസിന് ഇതുവരെ സാധിച്ചില്ല. ഇത്തരം കേസുകള്‍ തേച്ചുമായ്ച്ചു കളയാനാണ് പൊലിസ് ശ്രമിക്കുന്നതെന്നാണ് വിവരം.
ഇന്നലെ പുലര്‍ച്ചെ സര്‍വകലാശാലയില്‍ നിന്നും പിടികൂടിയ ബാറ്ററികളും ബൈക്കും പൊലിസിന് സര്‍വകലാശാലാ അധികൃതര്‍ കൈമാറിയിട്ടും ഇവ പൊലിസ് കസ്റ്റഡിയിലിരിക്കെ കസ്റ്റഡിയിലെടുത്തില്ലെന്ന തെറ്റായ വിവരമാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി വൈകിട്ടെത്തിയ മാധ്യമപ്രവര്‍ത്തകരോട് തേഞ്ഞിപ്പലം പൊലിസ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."