ദുരന്തഭൂമിയായി കുടക് ഗ്രാമങ്ങള്‍
മടിക്കേരി: ചരിത്രത്തില്‍ സമാനതയില്ലാത്ത പ്രകൃതി ദുരന്തം താണ്ഡവമാടിയ കുടകിലെ പല ഗ്രാമങ്ങളിലും ശ്മശാന മൂകത. മടിക്കേരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ മാന്ദള്‍പെട്ടി റൂട്ടിലെ മേഘത്താളു ഗ്രാമം ഇന്നും ദുരന്തഭീതിയില്‍ നിന്ന് മുക്തമായിട്ടില്ല.
ഇവിടത്തുകാര്‍ ഇന്നും ദുരിതാശ്വാസ ക്യാംപുകളിലും കുടുംബ വീടുകളിലുമാണു കഴിയുന്നത്. മലയാളികള്‍ ഉള്‍പ്പെടെ മുന്നൂറിലധികം കുടുംബങ്ങള്‍ ഇവിടെയുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 16നാണ് പ്രളയവും ഉരുള്‍പൊട്ടലും കുടകിലെ മേഘത്താളു ഗ്രാമത്തെ നിലംപരിശാക്കിയത്. ഇവിടത്തെ എല്ലാ റോഡുകളും തകര്‍ന്നടിഞ്ഞിരിക്കുകയാണ്.
പ്രളയദിവസം നൂറിലേറെ കുടുംബങ്ങള്‍ 14 കിലോമീറ്റര്‍ ദൂരം മലകള്‍ താണ്ടിയാണു രക്ഷപ്പെട്ടത്. ഇവിടത്തുകാരുടെ അതിജീവന കഥകള്‍ ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. വയോധികരും കുട്ടികളും അടങ്ങുന്ന സംഘം ഭീതിതമായ രാത്രികളില്‍ കാടുകളില്‍ തങ്ങേണ്ടി വന്നു. മൂന്നും നാലും ദിവസവും അന്നവും വെള്ളവും ലഭിക്കാതെ അലഞ്ഞുതിരിഞ്ഞവരും ഒടുവില്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിസര ഗ്രാമങ്ങളായ തംതിപാല, എമ്മത്താളു, ഹാലേരി, മക്കന്തൂറു എന്നിവിടങ്ങളിലെയും അവസ്ഥ മറിച്ചല്ല. അറുപതിലതികം വീടുകളാണു മണ്ണിനോടു ചേര്‍ന്നത്. റോഡുകള്‍ തകര്‍ന്ന് പല വാഹനങ്ങളും ഇവിടെ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ദുരന്തം വേട്ടയാടിയ ഈ ഗ്രാമങ്ങളിലെ വീടുകളില്‍ താമസിക്കാന്‍ ഇന്നും പ്രദേശവാസികള്‍ ധൈര്യപ്പെടുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."