അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം: പുതിയ കടല്‍ കുഴിക്കല്‍ യന്ത്രം ഗുജറാത്തില്‍ നിന്ന് ഈ മാസമെത്തും
കോവളം: പ്രകൃതിക്ഷോഭങ്ങളെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന് വേഗം കൂട്ടാന്‍ പുതിയ കടല്‍ കുഴിക്കല്‍ യന്ത്രം ഗുജറാത്തില്‍ നിന്ന് ഈ മാസം വിഴിഞ്ഞത്തെത്തും.
പുതുതായി എത്തുന്ന ശാന്തിസാഗര്‍ സീരീസില്‍പെട്ട അത്യാധുനിക ഡ്രഡ്ജറിന് അടുത്തമാസത്തോടെ കടല്‍കുഴിക്കല്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് നിര്‍മാണ കമ്പനി അധികൃതര്‍ പറയുന്നത്. കടലും കാലാവസ്ഥയും പ്രതികൂലമായതിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെക്കേണ്ടി വന്നിരുന്നു. പുലിമുട്ട് നിര്‍മാണത്തിന് ആവശ്യമായ കല്ലിന്റെ ലഭ്യതകുറവും തിരിച്ചടിയായിരുന്നു. ആദ്യഘട്ട ജെട്ടി നിര്‍മാണത്തിനായി നേരത്തെ കടല്‍കുഴിച്ച് കുഴിച്ച് രൂപപ്പെടുത്തിയ മണല്‍തിട്ട കടല്‍ക്ഷോഭത്തെ തുടര്‍ന്നുള്ള തിരകള്‍ കവര്‍ന്നിരുന്നു. ഇനി ഇത് വീണ്ടും തുടങ്ങണം.
ശക്തമായ കടല്‍ക്ഷോഭത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഉണ്ടായിരുന്ന രണ്ട് ഡ്രെഡ്ജറുകളും കേടായിരുന്നു. ഇതോടൊപ്പം ആഞ്ഞടിച്ച തിരമാലകള്‍ പൈലിങ് കേന്ദ്രത്തിലേക്കുള്ള താല്‍കാലിക പാലങ്ങള്‍ തകര്‍ത്തതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചിരുന്നു. കാലാവസ്ഥ അനുകൂലമായി നവംബറില്‍ കടല്‍ കുഴിക്കല്‍ ആരംഭിക്കാന്‍ സാധിച്ചാല്‍ ഏപ്രില്‍ അവസാനത്തോടെ ഒന്നാം ഘട്ടത്തിനാവശ്യമായ മണല്‍ത്തട്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കും.
ഓഖി കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന രണ്ട്ഡ്രഡ്ജറില്‍ ഒന്ന് അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയെങ്കിലും മറ്റൊന്നിനെ അറ്റകുറ്റപ്പണിക്ക് കൊണ്ടു പോകാനുള്ള ശ്രമം എങ്ങുമെത്തിയിട്ടില്ല.
പൈലിങ് കേന്ദ്രത്തിലെ തകര്‍ന്ന താല്‍കാലിക പാലങ്ങള്‍ പുനര്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും കരിങ്കല്ല് കിട്ടിയില്ലെങ്കില്‍ നിര്‍മ്മാണം ഇനിയും നീളുമെന്ന ആശങ്കയുമുണ്ട്. 1000 ദിവസത്തിനുള്ളില്‍ ആദ്യഘട്ടനിര്‍മാണം പൂര്‍ത്തിയക്കുമെന്ന പ്രഖ്യാപനം പാളിയതോടെ ആവേശം കെട്ടടങ്ങിയ തുറമുഖ നിര്‍മാണത്തിന്റെ ആദ്യഘട്ട പൂര്‍ത്തികരണത്തിന് ഇനിയും മാസങ്ങള്‍ വേണ്ടിവരും.
ഏതുവിധേനെയും നിര്‍മാണം വേഗത്തിലാക്കാനുള്ളകഠിന ശ്രമത്തിലാണ് നിര്‍മാണ കമ്പനിയായ അദാനി ഗ്രൂപ്പ്. കല്ല് ലഭ്യമാകാതെ വന്നതിനെ തുടര്‍ന്ന് കരിങ്കല്ല് തേടി പത്തനംതിട്ടയിലും തിരുവനന്തപുരം കൊല്ലം ജില്ലകളിലെ പലകേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിയെങ്കിലും നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. വിവിധ ക്വാറികളില്‍ നിന്നും പാറകല്ല് എത്തിയ്ക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായാണ് വിസില്‍ അധികൃതര്‍ പറയുന്നത്.
പ്രകൃതിക്ഷോഭങ്ങളെ തുടര്‍ന്ന് പണി നിറുത്തിവെക്കേണ്ടി വന്നത് കാരണം പ്രവര്‍ത്തി ദിനങ്ങള്‍ കുറഞ്ഞത് പരിഗണിച്ച് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കുടുതല്‍ സമയം അനുവദിക്കണമെന്ന് നിര്‍മാണ കമ്പനി സര്‍ക്കാറിനോടാവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അത് നിരസിച്ചതോടെ കരാറില്‍ പറഞ്ഞിരിക്കുന്ന പ്രകാരം 2019 ഡിസംബറിലെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് തുറമുഖ നിര്‍മാണ കമ്പനിയായ അദാനിഗ്രൂപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."