ലഭ്യത കുറഞ്ഞിട്ടും അടയ്ക്കയുടെ വില കുറയുന്നു
ചങ്ങരംകുളം: ലഭ്യത കുറഞ്ഞിട്ടും അടയ്ക്കയുടെ വില കുറയുന്നതു കര്‍ഷകരെ വിഷമിപ്പിക്കുന്നു. മുന്‍പ് 20 കിലോ അടയ്ക്കയ്ക്ക് 5000, 5200 തോതിലാണ് കച്ചവടം നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ 4300, 4500 തോതിലേക്കു കുറഞ്ഞിരിക്കുകയാണ്.
വില കൂടുതല്‍ കിട്ടാറുള്ള പഴയ അടയ്ക്കയേക്കാള്‍ ഇപ്പോള്‍ പുതിയ അടയ്ക്കയ്ക്കാണു വില കൂടുതല്‍ ലഭിക്കുന്നത്. ഇത്തവണത്തെ കനത്ത വേനലില്‍ കവുങ്ങിന്‍പൂക്കുലകള്‍ വ്യാപകമായി വാടി വീണതിനാല്‍ വരുംവര്‍ഷത്തില്‍ അടയ്ക്ക ഉല്‍പാദനം കുറയുമെന്നു കര്‍ഷകര്‍ പറയുന്നു. മുന്‍പ് അടയ്ക്ക വില 5000 എത്തിയപ്പോള്‍ അടയ്ക്ക വാങ്ങി കൂട്ടിയ വ്യാപാരികള്‍ക്കും അടയ്ക്കയുടെ വിലയിടിവു തിരിച്ചടിയായി. വടക്കേ ഇന്ത്യയില്‍ അടയ്ക്ക വ്യാപാരം കുറഞ്ഞതാണു വില കുറയാന്‍ കാരണമെന്നു പറയുന്നു. കറന്‍സി പിന്‍വലിച്ചതിനുശേഷം വ്യാപാരം പഴയ തോതിലേക്ക് ഉയര്‍ന്നിട്ടില്ല. വിദേശത്തുനിന്ന് അടയ്ക്ക വ്യാപകമായി എത്തുന്നതും നാടന്‍ അടയ്ക്കയ്ക്കു തിരിച്ചടിയായി. ജി.എസ്.ടിയെ പറ്റിയുള്ള ആശങ്ക കാരണം ഉത്തരേന്ത്യന്‍ വ്യാപാരികള്‍ അടയ്ക്ക വാങ്ങുന്നതു കുറച്ചതും വില കുറയാന്‍ കാരണമായി. ചങ്ങരംകുളം, പഴഞ്ഞി എന്നീ അടയ്ക്ക മാര്‍ക്കറ്റില്‍ നിന്നും മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കാണു കൂടുതലും അടയ്ക്ക പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."