സി.ബി.എസ്.ഇ സ്‌കൂള്‍ ഫീസ് ഇളവിന് സ്‌റ്റേ
എടപ്പാള്‍ (മലപ്പുറം): ഇരുപത്തിയഞ്ച് ശതമാനം ഫീസ് ഇളവ് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ നല്‍കണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തു. മലപ്പുറം മഞ്ചേരി എയ്‌സ് പബ്ലിക് സ്‌കൂള്‍ അധികൃതരും സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റെസ് അസോസിയേഷനും ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെതിരേ നല്‍കിയ ഹരജിയിലാണ് സ്‌റ്റേ. സര്‍ക്കാരിന്റെയും സി.ബി.എസ്.ഇയുടെയും വിശദീകരണം തേടിയ സിംഗിര്‍ ബെഞ്ച് ഹരജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മികച്ച നിലയില്‍ ക്ലാസുകള്‍ നല്‍കി വരുന്നുണ്ടെന്നും ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി വലിയ തുകകള്‍ ചെലവഴിച്ചതിനു പുറമെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സാധാരണപോലെ നല്‍കുന്നതിന് ഫീസില്‍ ഇളവ് വരുത്തിയാല്‍ ബുദ്ധിമുട്ട് ആകുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയം, നവോദയ തുടങ്ങിയ വിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ കൂടരുതെന്നും ടേം പരീക്ഷയ്ക്ക് തുല്യമായി ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തരുതെന്നും കാണിച്ച് ബാലാവകാശ കമ്മിഷന്‍ നേരത്തെ ഇറക്കിയ ഉത്തരവും കോടതി സ്‌റ്റേ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."