ഇനി ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ അന്തിയുറങ്ങാം; ഗീതയും മക്കളും സ്‌നേഹവീടിന്റെ തണലിലേക്ക്
നിലമ്പൂര്‍: ഷൗക്കത്ത് വാക്കുപാലിച്ചു, കാറ്റും മഴയും പേടിക്കാതെ ഗീതക്കും മകള്‍ക്കും ഇനി ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ അന്തിയുറങ്ങാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുതേടിയെത്തിയപ്പോഴാണ് എടക്കര പള്ളിക്കുത്ത് കരിങ്കോറമണ്ണയിലെ അമ്പലക്കോട് ഗീത വൈകല്യം തളര്‍ത്തിയ മകളുമൊത്ത് പ്ലാസ്റ്റിക് വലിച്ചുകെട്ടിയ ഷെഡിനുള്ളില്‍ കഴിയുന്ന ദുരിതം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നേരിട്ടു കാണുന്നത്.
ഗീതയുടെ 29 വയസുള്ള മകള്‍ ബേബിക്ക് പരസഹായമില്ലാതെ ഒന്നിനും കഴിയില്ല. എല്ലാത്തിനും അമ്മ എടുത്തുകൊണ്ടുപോകണം. ശാരീരിക അവശതകാരണം പണ്ടെത്തെ പോലെ മകളെ എടുത്തുകൊണ്ടുപോകാന്‍ ഗീതക്കു കഴിയാതെയായി. കാറ്റും മഴയും വന്നാല്‍ ഷെഡ് ചോര്‍ന്നൊലിക്കും. ഇവരുടെ ദുരിതജീവിതം നേരിട്ടറിഞ്ഞ ആര്യാടന്‍ ഷൗക്കത്ത് വീടു നിര്‍മിച്ചുനല്‍കാന്‍ ആവശ്യമായ സഹായം നല്‍കുമെന്ന ഉറപ്പും നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും ആര്യാടന്‍ ഷൗക്കത്ത് ഗീതക്കും കുടുംബത്തിനും നല്‍കിയ വാക്കു മറന്നില്ല. പള്ളിക്കുത്ത് കോണ്‍ഗ്രസ് കമ്മിറ്റി, ഒ.ഐ.സി.സി, ഖത്തര്‍, റിയാദ് കമ്മിറ്റികളും സഹായത്തിനെത്തിയതോടെ മഴക്കാലം എത്തും മുമ്പെ ആറു ലക്ഷം രൂപ ചെലവില്‍ നല്ലൊരു കോണ്‍ക്രീറ്റ് വീട് ഇവര്‍ക്കായി പണിതുയര്‍ത്തി. ഇന്ന് വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."