സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൂട്ടാനുള്ള നീക്കത്തിനെതിരേ ഹൈക്കോടതി
കൊച്ചി: ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതിയുടെ വാക്കാലുള്ള വിമര്‍ശനം.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ സാധാരണക്കാരനെ പിഴിഞ്ഞ് ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നു ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വാക്കാല്‍ വ്യക്തമാക്കി.
നിലം നികത്തല്‍ ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വാക്കാലുള്ള വിമര്‍ശനമുണ്ടായത്.
നേരത്തെയുള്ള നിയമപ്രകാരം നിലം നികത്തല്‍ ക്രമപ്പെടുത്താന്‍ ഭൂമിയുടെ ന്യായ വിലയുടെ 20 ശതമാനം എന്നത് ഭൂമിയുടെ പരിസര പ്രദേശത്ത് ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് രജിസ്റ്റര്‍ ചെയ്ത ഭൂമി വിലയുടെ 20 ശതമാനം മുന്‍കാല പ്രാബല്യത്തോടെ അടയ്ക്കണം എന്നാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറത്തിറക്കുന്നത് പൊതുജനങ്ങളെ പിഴിയാനാണ് എന്നാണ് വ്യക്തമാകുന്നത്.
സാഹചര്യം മനസിലാക്കുന്നതിനു പകരം സര്‍ക്കാര്‍ സംഘടിത വോട്ടുബാങ്കിനെ ഭയക്കുകയാണ്. സംഘടനകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങള്‍ എട്ടും ഒന്‍പതും വര്‍ഷം കൂടുമ്പോള്‍ ശമ്പളം വര്‍ധിപ്പിക്കുന്നു.
കേരളത്തില്‍ മാത്രം നാലര വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം നടത്തുന്നു. മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഇതിന്റെ ഭാഗമാണ്. ഇതുകണ്ടുകൊണ്ട് കോടതിക്ക് നിശബ്ദമായിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വേണ്ടിവന്നാല്‍ ശമ്പള പരിഷ്‌കരണത്തില്‍ ഇടപെടുമെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."