ഇടതുമുന്നണി വിപുലീകരണം: ചെറുകക്ഷികളുടെ നില പരുങ്ങലിലാകും
ആലപ്പുഴ: തദ്ദേശസ്വയംഭരണ തെരഞ്ഞടുപ്പ് മുന്നില്‍നില്‍ക്കെയുള്ള മുന്നണി വിപുലീകരണം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ചെറിയ കക്ഷികള്‍ക്ക് തിരിച്ചടിയായി.
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് കൂടി മുന്നണിയിലെത്തുന്നതോടെ ഇടതുമുന്നണിയിലെ പ്രമുഖ കക്ഷികളുടെ എണ്ണം വര്‍ധിക്കും. ലോക്താന്ത്രിക് ജനതാദള്‍ തിരികെ മുന്നണിയിലേക്ക് എത്തുകയും കൂടുതല്‍ കക്ഷികള്‍ മുന്നണിയുടെ ഭാഗമായി മാറുകയും ചെയ്തതോടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ഇടതുമുന്നണിക്ക് വെല്ലുവിളിയാകും.
ആറു കക്ഷികള്‍ മാത്രമുണ്ടായിരുന്ന ഇടതു മുന്നണിയില്‍ നിലവില്‍ പത്ത് കക്ഷികളാണ് ഉള്ളത്.
സി.പി.എം, സി.പി.ഐ, ജനതാദള്‍ എസ്, എന്‍.സി.പി, കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് (സ്‌കറിയ തോമസ് ) എന്നിവയായിരുന്നു മുന്നണിയിലുണ്ടായിരുന്നത്. ലോക്താന്ത്രിക് ജനതാദള്‍ മുന്നണിയിലേക്ക് തിരികെ എത്തിയതോടെ ഇവരെ കൂടാതെ മുന്നണിക്ക് ഒപ്പം പ്രവര്‍ത്തിച്ചിരുന്ന ഐ.എന്‍.എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി എന്നിവരെ കൂടി മുന്നണിയിലെടുത്ത് വിപുലീകരിച്ചു.
ഇപ്പോള്‍ ജോസ് കെ മാണിയുടെ വരവോടെ ഘടകക്ഷികളുടെ എണ്ണം വര്‍ധിക്കും. കൂടാതെ ഇടതുമുന്നണിയുമായി സഹകരിക്കുന്ന കക്ഷികള്‍ വേറെയുമുണ്ട്. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ നയിക്കുന്ന ആര്‍.എസ്.പി (ലെനിനിസ്റ്റ്), സി.കെ ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ സമിതി, കെ.ആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെ.എസ്.എസ്, പി.ടി.എ റഹീം നയിക്കുന്ന നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സ്, സി.എം.പിയിലെ ഒരു വിഭാഗം, എന്നീ വിഭാഗങ്ങള്‍ ഇടതുമുന്നണിക്കൊപ്പമുണ്ട്. മുന്നണിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന ഇവരെയെല്ലാം സഹകരിപ്പിച്ചു പോകാമെന്ന് പറഞ്ഞാണ് നിലനിര്‍ത്തിയിരിക്കുന്നത്. ഈ ചെറുപാര്‍ട്ടികളുടെ ലക്ഷ്യവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സീറ്റാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും മുന്നണിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇവര്‍ അണികളെ നിലനിര്‍ത്തുന്നതും തദ്ദേശഭരണത്തില്‍ സീറ്റ് ലഭിക്കുമെന്ന് ആശ്വസിപ്പിച്ചാണ്.
കേരള കോണ്‍ഗ്രസ് മാണിയും ലോക്താന്ത്രിക് ജനതാദളും കൂടെ കൂടുന്നതോടെ ഇവര്‍ക്കു വേണ്ടി സീറ്റ് നല്‍കാന്‍ ചെറുകക്ഷികളുടെ സീറ്റുകളിലും കൈയിട്ടുവാരുമെന്ന് ഉറപ്പായിട്ടുണ്ട്. സീറ്റ് വിഭജനത്തില്‍ മുന്നണിയിലെ എല്ലാ കക്ഷികളും സഹകരിക്കണമെന്ന നിര്‍ദേശം നിലവില്‍ സി.പി.എം നല്‍കിയിട്ടുണ്ട്. പല ചെറുകക്ഷികള്‍ക്കും നേതാക്കള്‍ മാത്രമായതിനാല്‍ സീറ്റ് നല്‍കാന്‍ സി.പി.എം പ്രാദേശിക നേതൃത്വങ്ങള്‍ക്കും താല്‍പര്യമില്ല.
എന്നാല്‍ യു.ഡി.എഫിലാകട്ടെ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസും ലോക് താന്ത്രിക് ജനതാദളും മുന്നണി വിട്ടതോടെ കൂടുതല്‍ സീറ്റുകള്‍ പ്രധാനകക്ഷികള്‍ക്ക് പങ്കിടാന്‍ സാഹചര്യം ഒരുങ്ങുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."