വയോജനങ്ങള്‍ക്കായുള്ള വിശ്രമ കേന്ദ്രം അടഞ്ഞുതന്നെ; നടപടിയില്ല
നെയ്യാറ്റിന്‍കര: കേരള സര്‍ക്കാര്‍ മുതിര്‍ന്ന പൗരന്‍മാരുടെ വിശ്രമത്തിനായി നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസിനു മുന്‍പില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി കഴിപ്പിച്ച വിശ്രമ സങ്കേതം അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. പുതിയ താലൂക്ക് ഓഫിസ് സമുച്ചയം പണിയുന്നതിന് മുന്‍പ് 2006-ല്‍ അന്നത്തെ തിരുവനന്തപുരം ജില്ലാ കലക്ടറായിരുന്ന എന്‍. അയ്യപ്പന്‍ ഐ.എ.എസ് മുന്‍ കൈയെടുത്ത് തറക്കല്ലിട്ട കെട്ടിടം 2009-ല്‍ അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
അന്ന് ബി.ജെ തങ്കപ്പന്‍ എം.എല്‍.എയും പന്ന്യന്‍ രവീന്ദ്രന്‍ എം.പിയും മറ്റ് സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുത്ത് ഉദ്ഘാടന മാമാങ്കവും നടത്തുകയുണ്ടായി. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ആര്‍ക്കും വിശ്രമിക്കാന്‍ അവസരം നല്‍കാതെ ഈ കെട്ടിടത്തില്‍ ഇലക്ഷന്‍ വിഭാഗം പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.
താലൂക്കില്‍ ദിനംപ്രതി നിരവധി ആവശ്യങ്ങള്‍ക്കായി എത്തുന്ന നൂറ് കണക്കിന് വയോധികര്‍ വിശ്രമിക്കാന്‍ ഇടമില്ലാതെ റോഡില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കാഴ്ച കാണാന്‍ കഴിയും. പുതിയ താലൂക്ക് ഓഫിസ് സമുച്ചയത്തില്‍ ഇലക്ഷന്‍ വിഭാഗത്തിന് പുതിയ ഓഫീസ് ലഭിച്ചിട്ടും വിശ്രമ സങ്കേതം തുറന്ന് പ്രവര്‍ത്തിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയിലും വയോജനങ്ങള്‍ക്കിടയിലും ശക്തമായ ആക്ഷേപം ഉയരുകയാണ്. എന്നാല്‍ ഫ്രാന്‍ അടക്കമുളള വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിശ്രമ സങ്കേതം തുറന്ന് പ്രവര്‍ത്തിച്ചുവെങ്കിലും ഇതിന് അല്‍പ്പായുസ് മാത്രമാണ് ഉണ്ടായത്. ഇപ്പോള്‍ മാസങ്ങളായി പഴയപടി വീണ്ടും വിശ്രമ സങ്കേതം അടഞ്ഞു തന്നെ കിടക്കുകയാണ്. ഇപ്പോളിത് ഇഴജന്തുക്കളും മരപ്പട്ടികളും കീരികളും അടക്കി വാഴുകയാണ്.
വിശ്രമ സങ്കേതത്തിന് സമീപത്തായി സബ് ട്രഷറി, വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ്, വനിതാ സെല്‍, ട്രാഫിക് പൊലിസ് സ്റ്റേഷന്‍, മിനി സിവില്‍ സ്റ്റേഷന്‍, പൊലിസ് സമുച്ചയം, സബ് രജിസ്ട്രാര്‍ ഓഫിസ്, റവന്യു റിക്കവറി ഓഫിസ്, നിരവധി ബാങ്കുകള്‍ തുടങ്ങി അന്‍പതിലേറെ സര്‍ക്കാര്‍ ഓഫിസുകളും നിരവധി സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുകയാണ്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തുന്ന വയോജനങ്ങള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന തരത്തിലായിരുന്നു വിശ്രമ സങ്കേതത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഈ കെട്ടിടം ജീര്‍ണാവസ്ഥയിലായിരിക്കുകയാണ്. ഉദ്ഘാടന വേളയില്‍ വൃദ്ധര്‍ക്ക് വിശ്രമിക്കാനും ടി.വി കാണുന്നതിനുമൊക്കെ സൗകര്യമൊരുക്കുമെന്ന് അധികൃതര്‍ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും അതെല്ലാം പാഴ്‌വാക്കുകളായി മാറുകയാണുണ്ടായത്. വിശ്രമ കേന്ദ്രത്തില്‍ വയോജനങ്ങള്‍ക്ക് ഇരിക്കാന്‍ ഒരു കസേര പോലും സജ്ജമാക്കാതെയായിരുന്നു പ്രവര്‍ത്തനവും തുടങ്ങിയത്.
പെന്‍ഷന്‍ വാങ്ങുന്നതിനായി ബാങ്കുകളിലും ട്രഷറികളിലും സ്ത്രികള്‍ ഉള്‍പ്പെടെ നിരവധി വയോജനങ്ങളാണ് ദിവസവും നെയ്യാറ്റിന്‍കര ടൗണില്‍ എത്തിച്ചേരുന്നത്. ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ എത്രയും വേഗം സ്വന്തം ഭവനങ്ങളില്‍ എത്തിച്ചേരണം.
എന്നാല്‍ മിനി സിവില്‍ സ്റ്റേഷനില്‍ വൃദ്ധജനങ്ങള്‍ക്കിരിക്കാന്‍ താല്‍കാലിക സൗകര്യമൊരുക്കിയതിനാലാണ് ഈ വിശ്രമ കേന്ദ്രം തുറക്കാത്തതെന്നാണ് റവന്യു അധികൃതരുടെ ന്യായം.
എന്നാല്‍ ഇപ്പോള്‍ പൂട്ടി കിടക്കുന്ന വിശ്രമ സങ്കേതം എത്രയും വേഗം വൃത്തിയാക്കി കസേരകളും ടോയ്‌ലെറ്റുകളും പ്രവര്‍ത്തന സജ്ജമാക്കി ടി.വി സ്ഥാപിക്കുകയും ദിനപത്രങ്ങളും ലഭ്യമാക്കണമെന്നാണ് പെന്‍ഷന്‍ സംഘടനാ നേതാക്കള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."