വെള്ളം കിട്ടാക്കനി; ആദിവാസി കുടുംബങ്ങള്‍ പുഴയോരത്തേക്ക് താമസം മാറി
നിലമ്പൂര്‍: കുടിവെള്ളം മുട്ടിയതോടെ ആദിവാസി കുടുംബങ്ങള്‍ പിഞ്ചുകുഞ്ഞുങ്ങളുമായി കിലോമീറ്ററുകള്‍ക്കപ്പുറം പുഴയോരത്തേക്കു താമസം മാറി. ചാലിയാര്‍ പഞ്ചായത്തിലെ പ്ലാക്കല്‍ച്ചോല ആദിവാസി കോളനിയിലെ പതിനൊന്നു കുടുംബങ്ങളാണ് മൂന്നു കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞിരപ്പുഴയുടെ മായംപള്ളിക്കടവിലേക്കു താമസം മാറിയത്.
പുഴയിലെ ചുട്ടുപൊളുന്ന പാറപ്പുറത്തു പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ടു മേഞ്ഞ താല്‍ക്കാലിക ഷെഡ്ഡുകളിലാണ് പിഞ്ചുകുഞ്ഞുങ്ങളടക്കം നാല്‍പ്പതോളം ആദിവാസികള്‍ താമസിക്കുന്നത്.
22 കുടുംബങ്ങളാണ് കോളനിയിലുള്ളത്. ഇതില്‍ പകുതിയിലധികവും പുഴയില്‍തന്നെയാണ്.
ഓരോ വേനല്‍ക്കാലം വരുമ്പോളും ഐ.ടി.ഡി.പിയോടും പഞ്ചായത്തധികൃതരോടും തങ്ങള്‍ക്കൊരു കുഴല്‍ക്കിണറെങ്കിലും കുഴിച്ചുതരണമെന്നും വേനല്‍ക്കാലത്തു കോളനിയില്‍ അന്തിയുറങ്ങാന്‍ അവസരമൊരുക്കണമെന്നും നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഓരോ വേനല്‍ക്കാലത്തും പുഴ തന്നെയാണ് ആശ്രയം.
കാട്ടാനകളുടെ വിഹാരകേന്ദ്രമായ ഇവിടെ സ്വയരക്ഷാര്‍ഥം പാറയ്ക്കു മുകളിലായി മറ്റൊരു താല്‍ക്കാലിക ഷെഡ്ഡും നിര്‍മിച്ചിട്ടുണ്ട്. പത്തിലേറെ വരുന്ന വളര്‍ത്തുനായ്ക്കളും ആദിവാസികള്‍ക്ക് സംരക്ഷകരായി പുഴയോരത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."